
തിരുവനന്തപുരം: കോവളത്ത് ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. കോവളം നെടുമംപ്പറമ്പിൽ രാജേന്ദ്രനെ കൊലപ്പെടുത്തിയത് അയൽവാസിയായ രാജീവാണെന്ന് പൊലീസ് കണ്ടെത്തി. രാജീവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രനും പ്രതിയായ രാജീവിന്‍റെ അമ്മയും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്ന് ഡിസിപി നകുൽ ദേശ്മുഖ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഡോക്ടറുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം സംശയിച്ചത്.
ഈ മാസം 17നാണ് രാജേന്ദ്രനെ സഹോദരിയുടെ വീട്ടിലെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ കഴുത്തിന് സംഭവിച്ച ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഫൊറൻസിക് ഡോക്ടർ പൊലീസിനെ അറിയിച്ചു. ഇതേ തുർന്നാണ് കോവളം പൊലീസ് അയൽവാസിയായ രാജീവിനെ ചോദ്യം ചെയ്തത്. ആദ്യം കുറ്റസമ്മതം നടത്താത്ത പ്രതി തെളിവുകള്‍ നിരത്തിയപ്പോൾ കുറ്റസമ്മതം നടത്തി. രാജീവിന്‍റെ അമ്മയ്ക്ക് മദ്യവിൽപ്പനയുണ്ടായിരുന്നു. മദ്യം വാങ്ങാൻ രാജേന്ദ്രൻ വീട്ടിൽ വരുമായിരുന്നുവെന്നും അമ്മയും തമ്മിലുള്ള ബന്ധത്തിൽ അസ്വസ്ഥനായിരുന്നുവെന്നും രാജീവ് മൊഴി നൽകി. കൊലപാതക ദിവസം പകൽ മദ്യം വാങ്ങാനെത്തിയ രാജേന്ദ്രനെ മദ്യം നൽകിയിട്ടില്ല. രാജീവിന്‍റെ അമ്മയെ രാജേന്ദ്രൻ പിടിച്ചുതള്ളിപ്പോള്‍ കൈയൊടിഞ്ഞു. രാത്രിയിൽ ടെറസിൽ കയറിപ്പോഴാണ് തൊട്ടടുത്ത വീട്ടിന്‍റെ ടെറസിൽ രാജേന്ദൻ നിൽക്കുന്നത് പ്രതി കാണുന്നത്. തുടര്‍ന്ന് രാജേന്ദ്രനെ പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് സഹോദരി രാജേന്ദ്രനെ തിരക്കുന്നതും വീടിന് മുകളിൽ മൃതദേഹം കണ്ടെത്തുന്നതും. രാജേന്ദ്രനെ കഴുത്ത് ഞെരിച്ച ശേഷം ശബരിമലയിൽ പോയ പ്രതി നാട്ടിലൊക്കെ കറങ്ങി നടക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് പിടികൂടിയത്. അമ്മ ഓമനയും രാജേന്ദ്രനും തമ്മിൽ ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്ന് പ്രതി കുറ്റസമ്മതം നടത്തി.