
മലപ്പുറം: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ സേനാ വളണ്ടിയർമാർ തമ്മിൽ വാക്കേറ്റവും സംഘർഷവും. ഗ്രാമപഞ്ചായത്ത് നിയോഗിച്ച വളണ്ടിയറെ ഡി വൈ എഫ് ഐ പ്രവർത്തകർ അകാരണമായി മർദിച്ചെന്ന പരാതിയാണ് സംഘർഷത്തിൽ കലാശിച്ചത്. ആരോഗ്യ കേന്ദ്രത്തിൽ സേവനം ചെയ്തിരുന്ന വളണ്ടിയർ കെ ജയകൃഷ്ണനാണ് മർദനമേറ്റത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കൊവിഡ് വാക്‌സീനേഷൻ സ്വീകരിക്കുന്നതിനായി എത്തിയവരുടെ വാഹനങ്ങളാൽ കുടുംബരോഗ്യ കേന്ദ്ര പരിസരം നിറഞ്ഞത് നിയന്ത്രിക്കണമെന്ന് ആർ ആർ ടി അംഗങ്ങളോട് ജയകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ എത്തുകയായിരുന്നു. ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് യൂണിഫോം ധരിച്ചവരാണ് തന്നെ മർദിച്ചതെന്ന് ജയകൃഷ്ണൻ പറഞ്ഞു.
സംഭവത്തെ തുടർന്ന് കുറ്റക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തുകയും ചെയ്തു. എന്നാൽ കൊവിഡ് വാക്സീനെടുക്കാൻ പോയ ആർ ആർ ടി അംഗങ്ങൾക്ക് നേരെ ആദ്യം അക്രമം അഴിച്ചു വിട്ടത് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി എം ബാബു റഹിമാൻ പ്രതികരിച്ചു.
സംഘർഷത്തിൽ പരുക്കേറ്റ സന്നദ്ധ വളണ്ടിയർ കെ ജയകൃഷ്ണൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പരുക്കേറ്റ ആർ ആർ ടി വളണ്ടിയർമാരായ വിപിൻ രാജ്, കെ എസ് മിഥുൻ രാജ്, നിധിൻ കണ്ണാടിയിൽ എന്നിവർ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പാണ്ടിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam