
പൂച്ചാക്കല്‍: പ്രളയശേഷം ജല സ്രോതസുകൾ മാലിന്യ മുക്തമാക്കി രോഗഭീതി ഒഴിവാക്കുന്നതിനുള്ള തീവ്രയജ്ഞത്തിനിടയില്‍ ജനവാസ കേന്ദ്രത്തിനു സമീപം മാലിന്യ നിക്ഷേപം നിര്‍ബാധം തുടരുന്നു. തൈക്കാട്ടുശേരി പഞ്ചായത്തിലെ ചൂരമന തോട്ടിലാണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കിലും കെട്ടി മാലിന്യം നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയത്.
അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലും പഞ്ചായത്തിലും പരാതി നല്‍കി. തോട്ടിലെ വെള്ളം പൂര്‍ണ്ണമായും മലിനമായ അവസ്ഥയലാണ്. തെരുവു നായ്ക്കളുടെ ഭീഷണിയും പക്ഷിശല്യവും പ്രദേശവാസികള്‍ക്ക് അസഹ്യമായി മാറിയിരിക്കുകയാണ്.
അര്‍ദ്ധരാത്രിയിലെത്തിയാണ് ഇവിടെയും സമീപ പ്രദേശങ്ങളിലും മാലിന്യ തള്ളുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ ഭാഗത്തെ തെരുവ് വിളക്കുകള്‍ പ്രകാശിക്കാതിരിക്കുന്നതിനാല്‍ പെട്ടെന്ന് മാലിന്യം തള്ളാനെത്തുന്നവരെ കാണാനും സാധിക്കുന്നില്ല. സ്ഥിരമായി മാലിന്യം തള്ളുന്ന പ്രദേശങ്ങളില്‍ ക്യാമറ സ്ഥാപിക്കുമെന്ന പഞ്ചായത്ത് നടപടി തീരുമാനത്തില്‍ ഒതുങ്ങിയതായും നാട്ടുകാര്‍ ആരോപിക്കുന്നു.
മാലിന്യ നിക്ഷേപത്തിനെതിരെ സ്ഥാപിക്കപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് സമീപത്താകെയും ഇവ കുമിഞ്ഞുകൂടിയ സ്ഥിതിയുമാണ്. കഴിഞ്ഞ മാസം ഈ ഭാഗത്ത് നടന്ന കക്കൂസ് മാലിന്യ തള്ളിയത് ഏറെ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. അതിന് ശേഷവും യാതൊരു നടപടിയുമുണ്ടാവാത്താണ് നാട്ടുകാരെ വലയ്ക്കുന്നത്. ചേര്‍ത്തല-അരുക്കുറ്റി റോഡിലെ മണപ്പുറത്തിനും മാക്കേകടവിനും ഇടയിലെ മാലിന്യ നിക്ഷേപവും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam