
ആലപ്പുഴ : ആലപ്പുഴ ജലനിരപ്പ് ഉയരുന്നത് കുട്ടനാട്ടിലെ ജനങ്ങളില്‍ വീണ്ടും ആശങ്കയുയര്‍ത്തുന്നു. വീണ്ടും ക്യാമ്പിലേക്ക് പോകേണ്ട സ്ഥിതി ഉണ്ടാകുമോന്ന് ജനങ്ങൾ ചോദിക്കുന്നു. ആഴ്ചകൾക്ക് മുന്നേ ഉണ്ടായ കനത്ത മഴയില്‍ കുട്ടനാട്ടില്‍ രൂക്ഷമായ നാശ നഷ്ടമാണ് ഉണ്ടായത്. നാശനഷ്ടങ്ങളുടെ കണക്കുകൾ ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല.
മൂന്നാഴ്ചയോളം എ സി റോഡില്‍ ഗതാഗത തടസവും നേരിട്ടു. എ സി റോഡ് പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ കഠിന പരിശ്രമം നടക്കുന്നതിന് ഇടയിലാണ് വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്നത്. വീണ്ടുമെത്തുന്ന മലവെള്ളപ്പാച്ചില്‍ കുട്ടനാട്ടുകാരുടെ പ്രതീക്ഷ തകര്‍ക്കുകയാണ്. 9 മീറ്ററാണ് പമ്പയിലെ ജല വിതാനം. ഇപ്പോള്‍ 5.65 മീറ്റര്‍ ഉയരത്തിലാണ് പമ്പാനദി ഒഴുകുന്നത്. ആനത്തോട് ഡാം തുറന്നതോടെ 1.5 മീറ്ററും പമ്പാ ഡാം തുറന്നതോടെ മൂന്ന് മീറ്ററും ജലവിതാനം ഉയര്‍ന്നിട്ടുണ്ട്. പമ്പയാറ്റിലെ വെള്ളം പൂര്‍ണ്ണമായും കുട്ടനാട്ടിലേയ്ക്കാണ് എത്തുന്നത്. ഇതോടെ കുട്ടനാട്ടിലെ ജലനിരപ്പ് മുന്‍പത്തേക്കാള്‍ ഇരട്ടിയാകും. ഇടുക്കി ഡാമുകളും ഒപ്പം മറ്റുഡാമുകളും തുറന്നു വിട്ടതും കുട്ടനാടിനെ ബാധിക്കും. കടലിലേയ്ക്ക് കൂടുതല്‍ വെള്ളമെത്തുന്നതാണ് ഇതിന് കാരണം. വേമ്പനാട്ട് കായല്‍ വഴി കടലിലേയ്ക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയും. ഇതാണ് കുട്ടനാടിനെ ബാധിക്കുന്നത്.
പാടശേഖരങ്ങള്‍ മിക്കതും തുറന്നുകിടക്കുന്നത് അനുകൂലമാകുവാന്‍ സാധ്യതയുള്ളതായി കുട്ടനാട്ടുകാര്‍ പറയുന്നു. പത്തനംതിട്ടയിലെ കക്കി, ശബരിഗിരി പദ്ധതിയുടെ ഭാഗമായ ആനത്തോട് അണക്കെട്ടുകള്‍ തുറന്നതാണ് സ്ഥിതിഗതികള്‍ മാറിമറിയുവാന്‍ കാരണമായത്. മാത്രമല്ല പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍, മീനച്ചിലാര്‍ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. വീയപുരം, ചെറുതന, പള്ളിപ്പാട്, കരുവാറ്റ, ചേപ്പാട് , തൃക്കുന്നപ്പുഴ, കുമാരപുരം, തകഴി, പുളിങ്കുന്ന്, കൈനകരി, എടത്വ, നിരണം, ചമ്പക്കുളം, രാമങ്കരി, മുട്ടാര്‍, നെടുമ്പ്രം, കടപ്ര, എടനാട്, മുണ്ടങ്കാവ്, മംഗലം, മാന്നാര്‍, തിരുവന്‍വണ്ടൂര്‍, കരട്ടിശ്ശേരി, മാന്നാര്‍ എന്നിവിടങ്ങളിലാണ് ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പമ്പാ ഡാം തുറന്ന് നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടനാട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam