ഒരു മെഡല്‍, ഒരു പോയിന്‍റ് ; സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും പിന്നിലായി വയനാട്

By Web TeamFirst Published Oct 31, 2018, 11:50 AM IST
Highlights

സംപൂജ്യര്‍ എന്ന നാണക്കേടില്‍നിന്ന് വയനാടിനെ രക്ഷിച്ചതാകട്ടെ മീനങ്ങാടി ജി.എച്ച്.എസ്.എസിലെ രമേശനായിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ മൂന്നാമതെത്തിയാണ് രമേശന്‍ ജില്ലയ്ക്ക് ഒരു മെഡല്‍ വാങ്ങിക്കൊടുത്തത്.

കല്‍പറ്റ: ലോകത്തെ തന്നെ ഏറ്റവും വലിയ കായിക പോരാട്ടമായ ഒളിമ്പിക്‌സില്‍ കഴിഞ്ഞ തവണ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് രണ്ടു താരങ്ങളെ പറഞ്ഞയച്ച നാടാണ് വയനാട്. നിരവധി മിന്നും താരങ്ങള്‍ക്ക് പിറവി നല്‍കിയ ഈ മണ്ണ് പക്ഷേ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന കൗമാര കായിക മേളയില്‍ നാണംകെട്ട് നില്‍ക്കുകയാണ്. നൂറിലേറെ വിദ്യാര്‍ഥികള്‍ വയനാടിനെ പ്രതിനിധീകരിച്ച് തലസ്ഥാന നഗരിയിലെത്തിയിരുന്നു. എങ്കിലും ജില്ലക്ക് നേടാനായത് ഒരു മൂന്നാം സ്ഥാനം മാത്രം. അതുവഴി അക്കൗണ്ടിലെത്തിയതാകട്ടെ ഒരേയൊരു പോയന്റ്. 

ഇതോടെ 14 ജില്ലകള്‍ മാറ്റുരച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അവസാന സ്ഥാനക്കാരായി നിരാശരായി മടങ്ങേണ്ടിയും വന്നു. ജില്ലാ സ്‌കൂള്‍ നടത്തിപ്പിലെ ലക്ഷ്യബോധമില്ലായ്മയാണ് പ്രകടമായിരിക്കുന്നതെന്ന് ഇതിനകം പരാതി ഉയര്‍ന്നു കഴിഞ്ഞു. ജില്ല സ്‌കൂള്‍ കായികമേള പ്രഹസനമാക്കിയെന്നാണ് പലരുടെയും പരാതി.  ആനപ്പാറ ഗവ. എച്ച്.എസ്.എസിലെ ചളിക്കുളമായ 200 മീ. ട്രാക്കില്‍ വളരെ പരിമിതമായ സൗകര്യങ്ങളിലാണ് ജില്ലാ മീറ്റ് നടത്തിയത്.  എങ്ങനെയെങ്കിലും കുട്ടികളെ 'ഓടിച്ചു'തീര്‍ത്ത് ഒന്നാം സ്ഥാനക്കാരെ തെരഞ്ഞെടുക്കുകയെന്നതായിരുന്നു കണ്ടത്. 

സ്ഥിരമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ 400 മീറ്റര്‍ ട്രാക്കില്‍ നടന്നിരുന്ന മേള ഇത്തവണ ആനപ്പാറയിലെ ചെളി നിറഞ്ഞ 200 മീ. ട്രാക്കിലേക്ക് മാറ്റിയതോടെ പരാതികളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ തയ്യാറായില്ല. കഴിഞ്ഞ തവണ 12ാം സ്ഥാനത്തായിരുന്നു ജില്ല. ഇതിലും മികച്ച പ്രകടനം നടത്തേണ്ടതിന് പകരം അവസാന സ്ഥാനം ഇരന്നു വാങ്ങിയെന്ന പോലെയായി കാര്യങ്ങള്‍.  

സ്‌പൈക്ക് പോലുമില്ലാതെ, ശാസ്ത്രീയമായ പരിശീലന സൗകര്യങ്ങളൊന്നുമില്ലാതെയാണ് പല താരങ്ങളും സംസ്ഥാന മീറ്റിനെത്തിയത്. മൂന്നു സ്‌കൂളുകള്‍ മാത്രം അല്‍പമെങ്കിലും താല്‍പര്യത്തോടെ മാറ്റുരക്കുന്ന ജില്ല മീറ്റില്‍നിന്ന് യോഗ്യത നേടുന്ന കുട്ടികളുടെ പ്രകടന നിലവാരം സംസ്ഥാന ശരാശരിയേക്കാളും താഴെയായിരുന്നു. ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സംസ്ഥാന മീറ്റില്‍ മികവു കാട്ടണം എന്ന അജണ്ട ഇവിടുത്തെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. താരങ്ങള്‍ക്ക് ലഭിച്ച പ്രോത്സാഹനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പേരിന് മാത്രമായിരുന്നു. സംപൂജ്യര്‍ എന്ന നാണക്കേടില്‍നിന്ന് വയനാടിനെ രക്ഷിച്ചതാകട്ടെ മീനങ്ങാടി ജി.എച്ച്.എസ്.എസിലെ രമേശനായിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ മൂന്നാമതെത്തിയാണ് രമേശന്‍ ജില്ലയ്ക്ക് ഒരു മെഡല്‍ വാങ്ങിക്കൊടുത്തത്.

 സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒരു പോയന്റു മാത്രം നേടി അവസാനക്കാരായ വയനാടിന്റെ കുട്ടികള്‍ മറ്റു ജില്ലകള്‍ക്കുവേണ്ടി മികച്ച പ്രകടനം കാഴ്?ചവെച്ചിട്ടുണ്ട്. എടവക പഞ്ചായത്തിലെ പുതിയിടംകുന്നുകാരിയായ അനുമാത്യുവാണ് തിരുവനന്തപുരത്ത് മികവു കാട്ടിയ വയനാട്ടുകാരി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ലോങ്ജംപിലും ട്രിപ്പ്ള്‍ ജംപിലും സ്വര്‍ണം നേടിയ അനുമാത്യു എറണാകുളത്തിനു വേണ്ടിയാണ് ഇറങ്ങിയത്. എട്ടാംതരം വരെ കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠനം. ഇപ്പോള്‍ എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയാണ്. എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലേക്ക്   സെലക്ഷന്‍ ലഭിച്ചതോടെയാണ് ചുരമിറങ്ങിയത്. പുള്ളോലില്‍ മാത്യുഫസിനി ദമ്പതികളുടെ മകളായ അനു മുമ്പ് വയനാട് ജില്ല സ്‌കൂള്‍ കായികമേളയില്‍ 100, 200, 600 ഓട്ടമത്സരങ്ങളില്‍ ഒന്നാമതായിരുന്നു.

click me!