മഴക്കെടുതി: വയനാട്ടില്‍ കാര്‍ഷിക മേഖലയില്‍ 13.08 കോടി നഷ്ടം; കെ.എസ്.ഇ.ബിക്ക് നഷ്ടം 11.36 ലക്ഷം

By Web TeamFirst Published May 17, 2021, 6:27 AM IST
Highlights

തുടര്‍ച്ചയായുണ്ടായ കാറ്റിലും മഴയിലും വയനാട്ടില്‍ കെ.എസ്.ഇ.ബിക്കും കനത്ത നാശനഷ്ടം. 11,36,000 രൂപയുടെ നാശനഷ്ടമാണുണ്ടായത്. 90 വൈദ്യുതി പോസ്റ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 7,56,000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ കണക്കാക്കുന്നത്. 

കല്‍പ്പറ്റ: ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും കാര്‍ഷിക മേഖലയില്‍ 13.08 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകള്‍. പ്രകൃതി ക്ഷോഭത്തില്‍ മെയ് പത്ത് മുതല്‍ 15 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടമാണ് കൃഷിവകുപ്പ് തിട്ടപ്പെടുത്തിയത്. 6749 കര്‍ഷകര്‍ക്കാണ് കാര്യമായി നഷ്ടങ്ങളുണ്ടായത്. 2,34,500 കുലച്ചവാഴകളും 88,200 കുലയ്ക്കാത്ത വാഴകളും നിലം പൊത്തി. 3090 വാഴകര്‍ഷകരെയാണ് മഴയും കാറ്റും ബാധിച്ചത്.

14000 കാപ്പിചെടികളും നശിച്ചു. 5180 റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞു. 5260 കുരുമുളക് വള്ളികള്‍ക്കും 7362 കവുങ്ങുകള്‍ക്കും, 1155 തെങ്ങുകള്‍ക്കും നാശം സംഭവിച്ചു. ഇഞ്ചി (123 ഹെക്ടര്‍), മരച്ചീനി (120 ഹെക്ടര്‍), പച്ചക്കറികള്‍ (16 ഹെക്ടര്‍) മഞ്ഞള്‍ (0.8 ഹെക്ടര്‍), ഏലം (4.2 ഹെക്ടര്‍), തേയില (5.6 ഹെക്ടര്‍) എന്നിങ്ങനെയാണ് നാശനഷ്ടങ്ങള്‍. കൃഷിഭവന്‍ അടിസ്ഥാനത്തില്‍ വിശദമായ കണക്കുകള്‍ ശേഖരിച്ചുവരികയാണ്.

തുടര്‍ച്ചയായുണ്ടായ കാറ്റിലും മഴയിലും വയനാട്ടില്‍ കെ.എസ്.ഇ.ബിക്കും കനത്ത നാശനഷ്ടം. 11,36,000 രൂപയുടെ നാശനഷ്ടമാണുണ്ടായത്. 90 വൈദ്യുതി പോസ്റ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 7,56,000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ കണക്കാക്കുന്നത്. ചെരിഞ്ഞ വൈദ്യുത തൂണുകള്‍ നേരെയാക്കുന്നതിന് 1,10,000 രൂപയുടെ ചെലവ് വരും. തകരാറിലായ ട്രാന്‍സ്‌ഫോര്‍മര്‍ നന്നാക്കുന്നതിന് 1,50,000 രുപയുടെ ചെലവ് കണക്കാക്കിയിട്ടുണ്ട്.

മറ്റിനങ്ങളില്‍ 1,20,000 രൂപയും ചെലവാക്കേണ്ടിവരും. ശക്തമായ കാറ്റില്‍ നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ലൈന്‍ തകര്‍ന്നിരുന്നു. യഥാസമയം വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ കെ.എസ്.ഇ.ബി സ്വീകരിച്ചു. കോവിഡ് കാലത്തെയും അതിജീവിച്ചാണ് സമയബന്ധിതമായി കെ.എസ്.ഇ.ബി വൈദ്യുതി തടസ്സം നീക്കുന്നതിന് കഠിന പ്രയത്‌നം നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!