
ഇടുക്കി: സിപിഐ ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാർക്കും വിമർശനം. മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനകീയ മുഖം നഷ്ടമായി. നരേന്ദ മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ജനങ്ങളെ അകറ്റുന്നു. സിപിഐയുടെ വകുപ്പുകൾക്ക് പ്രതിച്ഛായ നഷ്ടപ്പെടാൻ ധനവകുപ്പ് കാരണമായെന്നും വിമര്‍ശനമുയര്‍ന്നു.
അതേസമയം, മുന്നമിയിലേക്ക് കേരള കോൺഗ്രസ് വന്നതുകൊണ്ട് ഗുണമുണ്ടായില്ലെന്നും യോഗത്തിൽ വിമര്‍ശനമുണ്ടായി. ഇടുക്കിയിലെ കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ പോലും എൽഡിഎഫ് പുറകിൽ പോയെന്നും എന്നിട്ടും സിപിഎം കേരള കോൺഗ്രസിന് അമിത പ്രാധാന്യം നൽകുന്നു. സിപിഐയുടെ മന്ത്രിമാരും, രാജ്യസഭ എംപിമാരും കോർപ്പറേഷൻ ചെയർമാൻമാരും ഭരണ കാര്യത്തിൽ മുഖ്യമന്ത്രിക്ക് എതിരെ ഒന്നും മിണ്ടുന്നില്ല. സപ്ലൈകോ പ്രതിസന്ധിയും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. രാജ്യത്ത് ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐ എന്തിന് കേരളത്തിൽ എൽഡിഎഫിനൊപ്പം തുടരണമെന്നും കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ചോദിച്ചു.
നേരത്തെ സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാർട്ടിയിൽ വിമർശനം ഉയരുകയായിരുന്നു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ വിമർശിക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല, മന്ത്രിമാർക്കെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മന്ത്രിമാരുടേത് മോശം പ്രകടനമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി. പൗരത്വ യോഗങ്ങൾ മതയോഗങ്ങളായി മാറിയെന്നും യോഗങ്ങളിൽ മതമേധാവികൾക്ക് അമിത പ്രാധാന്യം കൊടുത്തു. ഈഴവ പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിടുകയായിരുന്നുവെന്നും നവ കേരള സദസ്സ് ധൂർത്തായി മാറിയെന്നും വിമർശനമുയരുന്നു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വലിയ പണപ്പിരിവാണ് നടന്നതെന്നും രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് എതിരെയും വിമർശനം ഉയർന്നു.
പിപി സുനീറിനെ സ്ഥാനാർത്ഥിയാക്കിയതിനെ വിമർശിച്ച് അംഗങ്ങൾ രംഗത്തെത്തി. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ഇത് സിപിഐയുടെ രീതിയല്ല. ഇത്തരം പ്രവണതകൾ ഗുണം ചെയ്യില്ല. സികെ ചന്ദ്രപ്പന്റെയും വെളിയം ഭാർഗവന്റെയും കാലത്തെപ്പോലെ തിരുത്തൽ ശക്തിയാകാൻ സിപിഐക്ക് കഴിയുന്നില്ലെന്നും വിമർശനം ഉയർന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam