
മലപ്പുറം: കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്ഷപ്പെട്ട പ്രതി പൊലീസിൽ കീഴടങ്ങി. പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്. തിരൂർ ജില്ലാ ആശുപത്രിയിലാണു സംഭവം നടന്നത്.
അർധരാത്രി പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്നാണ് റബീഹിനെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. റിമാൻഡിൽ നിന്നു കസ്റ്റഡിയിലെടുത്ത മറ്റൊരു പ്രതിയും കൂടെയുണ്ടായിരുന്നു. ഇരുവരുടെയും കൈകളിൽ വിലങ്ങ് ധരിപ്പിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. കൂടെ മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു.
എന്നാൽ ആശുപത്രിയിൽ കയറിയ ഉടൻ റബീഹ് വിലങ്ങിൽ നിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടി. കൂടെ പൊലീസുകാരും ഓടിയെങ്കിലും ഇയാളെ കിട്ടിയില്ല. അടുത്തുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഒരു വശം കടന്നാണ് റബീഹ് ഓടിയത്. ഒരാൾ അഗ്‌നിരക്ഷാസേനാ ഓഫിസിന്റെ സമീപം വഴി റെയിൽപാളം ചാടി കടന്ന് ഓടുന്നത് ചിലർ കണ്ടിരുന്നു. തുടർന്ന് പൊലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം തിരൂർ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാൾക്കെതിരെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനും കേസെടുത്ത് അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam