ബൈക്കിൽ ജോലിക്കു പോകവെ പാഞ്ഞടുത്ത് കടുവക്കൂട്ടം; അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്; സംഭവം ഇടുക്കിയിൽ

By Web TeamFirst Published Mar 20, 2023, 1:53 PM IST
Highlights

ടിപ്പർ ഡ്രൈവറായ മോബിൻ കട്ടപ്പനക്ക് പോകുവാൻ ബൈക്കിൽ വരുമ്പോഴാണ് സംഭവം. റോഡിൽ നിന്ന ചെറുതും വലുതുമായ കടുവകൾ മോബിന് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് മോബിൻ പറയുന്നു. 

കട്ടപ്പന: ഇടുക്കിയിൽ കാട്ടാനകളുടെ ആക്രമണം തുടരുന്നതിനിടെ കടുവയുടേയും ആക്രമണം. ബൈക്കിൽ പോവുകയായിരുന്ന യാത്രക്കാരന് നേരെയാണ് കടുവകൾ പാഞ്ഞടുത്തത്. പുഷ്പഗിരിയിലാണ് സംഭവം. ടിപ്പർ ഡ്രൈവറായ മോബിൻ കട്ടപ്പനക്ക് പോകുവാൻ ബൈക്കിൽ വരുമ്പോഴാണ് കടുവകളുടെ ആക്രമണമുണ്ടായത്. റോഡിൽ നിന്ന ചെറുതും വലുതുമായ കടുവകൾ തനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് മോബിൻ പറയുന്നു. 

അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെ തുടർന്ന് മോബിൻ അലറിവിളിച്ചു. ബഹളം കേട്ടാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാരെത്തി പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തിയും പ്രദേശത്ത് തെരച്ചില്‍ നടത്തി. എന്നാല്‍ കടുവകളെ കണ്ടെത്താനായില്ല. എന്തായാലും ജാഗ്രത വേണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശ വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി. വിക്രം എന്ന കുങ്കി ആനയാണ് ആദ്യം എത്തിയത്. ചിന്നക്കനാല്‍ സിമൻറ് പാലത്തിന് സമീപം റേഷന്‍ കടയക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി ആനയെ അവിടേക്ക്  ആകര്‍ഷിച്ച് കൊണ്ടു വന്ന് പിടികൂടാനാണ് വനം വകുപ്പിൻറെ പദ്ധതി. ആനയെ സുരക്ഷിതമായി ലോറിയിൽ നിന്ന് പുറത്തിറക്കി. താത്കാലിക സംവിധാന്തതിലായിരിക്കും ദൗത്യം പൂർത്തിയാകുന്ന വരെ ആനയെ സൂക്ഷിക്കുക. ഇടയ്ക്കിടയ്ക്ക് ചെറിയ തോതിലുള്ള വിശ്രമമെല്ലാം നൽകിയാണ് ഇവിടെ എത്തിച്ചത്. യാത്രയുടെ ക്ഷീണം മാറി അവിടുത്തെ കാലാവസ്ഥയുമായി ഇണങ്ങാൻ കുറച്ച് സമയമെടുക്കും. 

അരിക്കൊമ്പനെ കൂട്ടിലാക്കും; നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്, മരങ്ങള്‍ മുറിച്ച് തുടങ്ങി

14 മണിക്കൂർ യാത്ര ചെയ്‌തെങ്കിലും വിക്രമിന് കാര്യമായ ക്ഷീണം ഒന്നും ഇല്ലെന്ന് അരിക്കൊമ്പനെ പിടിക്കാനുള്ള കുംകിയാനകളിൽ ഒന്നായ വിക്രമിനോടൊപ്പം എത്തിയ വനം വകുപ്പ് അസിസ്റ്റന്റ് വെറ്റിനറീ ഓഫീസർ ഡോ അജേഷ് പറഞ്ഞു. ആനക്ക് ഇന്ന് വിശ്രമം ആയിരിക്കും. ഇത്തവണ അരിക്കൊമ്പനെ പിടിക്കാൻ കഴിയും എന്നാണ് വിശ്വാസം എന്നും ഡോ അജേഷ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ്  വിക്രം എന്ന കുങ്കി ആന വയനാട്ടിൽ നിന്നും പുറപ്പെട്ടത്. വരും ദിവസങ്ങളിലായി മറ്റ് മൂന്ന് കുങ്കിയാനുകളും 26 അംഗ ദൗത്യ സംഘവും ഇടുക്കിയിലെത്തും.

click me!