
അടിമാലി: ഇടുക്കി ജില്ലയിലെ അടിമാലിക്കു സമീപം മന്നാംകാലയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നി കിണറ്റിൽ വീണു. തുടർന്ന് വിവരമറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതർ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. അടിമാലി കണ്ണപ്രക്കൽ അജയകുമാരിയുടെ പുരയിടത്തിലെ പഴയ കിണറ്റിലേക്ക് വീണ കാട്ടുപന്നിയെയാണ് പനംകൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദിന്റെ നേതൃത്വത്തിലുള്ള അധികൃതർ വെടിവെച്ചുകൊന്നത്.
ഇന്നലെ പകൽ സമയത്താണ് കാട്ടുപന്നി സംരക്ഷണ വേലിയില്ലാത്ത കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. കിണറ്റില്‍ നിന്നും ശബ്ദം കേട്ടെത്തിയപ്പോഴാണ് വീട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. തുടര്‍ന്ന് ബീറ്റ് ഓഫിസറെ വിവരമറിയിച്ചു. പിന്നാലെ പനംകൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഏകദേശം 10 വയസ് പ്രായമുള്ള പെൺ പന്നിയെയാണ് കൊന്നതെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ് അറിയിച്ചു.
പ്രദേശത്ത് കാട്ടുപന്നി ആക്രമണം രൂഷമായിരുന്നതായി കർഷകർ പറയുന്നു. കർഷകരുടെ ഭൂമിയിലെ കപ്പ, കാച്ചിൽ തുടങ്ങിയ വിളകൾ നശിപ്പിക്കുന്നത് പതിവായിരുന്നു. കാട്ടുപന്നികളുടെ ശല്യം കൂടുന്നുവെന്ന് നാട്ടുകാരും വനംവകുപ്പിനെ അറിയിച്ചിരുന്നു. വനത്തിൽ നിന്നും കൃഷി ഭൂമിയിലേക്ക് ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാം എന്ന സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പന്നിയെ വെടിവെച്ചു കൊന്നത്. കിണറ്റില്‍ നിന്നും കാട്ടുപന്നിയെ എടുത്ത് മറവു ചെയ്തതായി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.എസ് സബിൻ, വി. ആർ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Read More : ഇടുക്കിയില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം; വയോധികയെ പിന്നിലൂടെയെത്തി ആക്രമിച്ചു, കൈ കടിച്ചുപറിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam