
കോഴിക്കോട്: കൃഷിയിടത്തിലെ കിണറ്റില്‍ വീണ കാട്ടുപന്നികളെ (wild boar) വനം വകുപ്പ് ഉദ്യോഗസ്ഥര്‍ (forest officials) വെടിവെച്ചുകൊന്നു (shot dead). കൂടരഞ്ഞി താഴെകൂടരഞ്ഞി ബെന്നി ജോസഫ് കപ്പ്യാങ്കല്‍ എന്നയാളുടെ പറമ്പിലെ വെള്ളക്കെട്ടിലാണ് ആറ് കാട്ടുപന്നികള്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരായ ബാബു ജോസഫ് പ്ലാക്കാട്ട് , അഗസ്റ്റിന്‍ ജോസ് പുതിയേടത്ത് എന്നിവര്‍ ചേര്‍ന്നാണ് പന്നികളെ വെടിവെച്ചുകൊന്നത്. ഒരു പെണ്‍പന്നിയും അഞ്ച് ആണ്‍പന്നികളുമാണ് കൊല്ലപ്പെട്ടത്. ഇവയ്ക്ക് ഏകദേശം ഒന്നര വയസ്സ് പ്രായം വരും.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പീടികപാറ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ. പ്രസന്നകുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്എഫ്ഒ പ്രശാന്തന്‍, ജലീസ്, വാച്ചര്‍ മുഹമ്മദ് എന്നിവര്‍ സ്ഥലത്തെത്തി. വനംവകുപ്പ് ആര്‍ ആര്‍ ടി ദ്രുതകര്‍മ്മസേനയിലെ ഫോറസ്റ്റര്‍ രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിനീഷ്, വാച്ചര്‍മാരായ കരീം, മുരളി എന്നിവര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കാട്ടുപന്നിയുടെ ജഡം സ്ഥലത്തുത്തന്നെ മറവുചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പര്‍ റോസിലിടീച്ചര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി. കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ രാജീവ് കുമാര്‍ അറിയിച്ചു.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. നാട്ടിന്‍പുറങ്ങളിലും വനാതിര്‍ത്തികളിലും കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. നടപടിക്രമങ്ങള്‍ പാലിച്ചാണ് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam