കാട്ടാന ശല്യം; കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനു മുമ്പില്‍ ബിജെപിയുടെ സമരം

By Web TeamFirst Published Jun 13, 2020, 10:18 PM IST
Highlights

 കാട്ടനകള്‍ കൃഷിയിടങ്ങള്‍ കയ്യടക്കിയതോടെ മേഖലയിലെ നിരവിധി കര്‍ഷകരാണ് ദുരിതത്തിലായത്.

മറയൂര്‍: ഇടുക്കി ജില്ലയിലെ മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതോടെ പ്രതിഷേധവുമായി ബിജെപി. കാട്ടനകള്‍ കൃഷിയിടങ്ങള്‍ കയ്യടക്കിയതോടെ മേഖലയിലെ നിരവിധി കര്‍ഷകരാണ് ദുരിതത്തിലായത്. മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലും അഞ്ചുനാട്ടിലുമാണ് സ്ഥിതി മോശമായി തുടരുന്നത്. ഈ സാഹചര്യത്തിലാണ് കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടിയ അഞ്ചുനാട് മേഖലയിലെ കര്‍ഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാന്തല്ലൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് സ്റ്റേഷന് മുന്‍പാകെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിയത്. 

ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ അയ്യപ്പന്റെ നേതൃത്വത്തിലായിരുന്നു സമരം. കഴിഞ്ഞ ഏതാനും വര്‍ഷക്കാലമായി ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായി മാറിയിരിക്കുകയാണ് അഞ്ചുനാട് മേഖലയില്‍. കൃഷിടങ്ങളില്‍ വന്‍തോതില്‍ വന്യജീവികള്‍ നാശം വിതച്ചിട്ടും വനംവകുപ്പിന്റെ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. 

കാലാവസ്ഥമാറ്റമടക്കമുള്ള പല കാരണങ്ങളാല്‍ കര്‍ഷകര്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ വന്യജീവി ആക്രമണംകൂടി താങ്ങാന്‍ ആകുന്നില്ലെന്നാണ് മേഖലയിലെ കര്‍ഷകരും പറയുന്നത്. അടിയന്തരിമായി വനാതിര്‍ത്തികളില്‍ സംരക്ഷണ വേലി നിര്‍മ്മിച്ചും വാച്ചര്‍മാരെ നിയമിച്ചും വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലെത്തുന്നത് തടയുവാനുള്ള നടപടി സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പരിഹാരം കാണുംവരെ നിരാഹാരസമരം നടത്താനാണ് ബിജെപിയുടെ തീരുമാനം.

click me!