
തൃശ്ശൂർ: വാഴാനി ഡാം പരിസരത്ത് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്ക് വെടി വെച്ചു ചികിത്സ നൽകിയതായി വിദഗ്ധസംഘം. ജലാശയത്തിൻ്റെ മറുവശത്താണ് കഴിഞ്ഞ ദിവസം മുൻകാലിൽ പരിക്കേറ്റ് വലിയതോതിൽ പഴുപ്പൊലിക്കുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. ഒന്നിലധികം മുറിവുകളുള്ള നിലയിലാണ് 25 വയസ്സോളം പ്രായമുള്ള കാട്ടുകൊമ്പനെ കണ്ടെത്തിയത്. മറ്റ് കാട്ടാനകളുമായുള്ള സംഘർഷത്തിനിടെ കാലിൽ കൊമ്പ് കൊണ്ട് കുത്തേറ്റതാണ് ആഴത്തിൽ പരിക്കേൽക്കാൻ ഇടയായത്. മുറിവുകൾക്ക് ഏഴുദിവസത്തോളം പഴക്കമുണ്ട്. കുറച്ചു ദിവസത്തിനകം ആന പൂർണസുഖം പ്രാപിക്കും എന്നാണ് പ്രതീക്ഷയെന്ന് ഡിഎഫ്ഒ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെയോടെ ഡാം പരിസരത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് വെറ്ററിനറി സർജൻമാർ ഉൾപ്പെടെയുള്ള വിദഗ്ധസംഘം കുട്ടവഞ്ചി ഉപയോഗിച്ച് ഡാമിൻ്റെ മറുവശത്ത് എത്തി. തുടർന്ന് ആനയെ മയക്ക് വെടിവച്ച് മുറിവേറ്റ കാലിൽ മരുന്ന് വെച്ചു. നിരീക്ഷണം തുടരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam