
ഇരട്ടി: കണ്ണൂര്‍ ഇരട്ടി ഓടിക്കൊണ്ടിരുന്ന ബസിന് നേരെ കുരങ്ങ് തേങ്ങ പറിച്ചെറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ബസ്സിന്റെ മുൻവശത്ത് ചില്ല് പൂർണ്ണമായും തകർന്നു. കാടിറങ്ങിയെത്തുന്ന കുരങ്ങുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കൊട്ടിയൂർ നെടുംപോയിൽ നിവാസികൾ.
ഇരിട്ടിയിൽ നിന്നും പൂളക്കുറ്റിയിലേക്ക് പോകുന്ന സെന്റ് ജൂഡ് ബസ്. നെടുംപോയിൽ വാരപ്പീടികയിലെത്തിയതും പൊടുന്നനെ ബസ്സിന്റെ മുൻവശത്തെ ഗ്ലാസ് വലിയ ശബ്ദത്തിൽ പൊട്ടിവീണു. പകച്ചുപോയ ഡ്രൈവർ പ്രകാശൻ ബസ്സ് ഓരത്തേക്ക് ചവിട്ടി നിർത്തി. കണ്ണൂരിൽ കൊണ്ടുപോയി ചില്ല് മാറ്റിയിട്ട് വീണ്ടും സർവ്വീസ് തുടങ്ങി.
കൊട്ടിയൂർ വനത്തിൽ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന കുരങ്ങുകൾ വീടിന് മുകളിലും മതിലിലുമൊക്കെയായി ഇരിപ്പുറപ്പിക്കും. കണ്ണിൽ കണ്ടത് തട്ടിയെടുക്കും. കുരങ്ങ് ചില്ലുപൊളിക്കുന്നത് ആദ്യ സംഭവം ആയതിനാൽ നഷ്ടപരിഹാരം നൽകാൻ വകുപ്പുണ്ടോ എന്ന് അറിയില്ലെന്നാണ് കൊട്ടിയൂരെ ഉദ്യോഗസ്ഥർ ബസ് ഉടമയോട് പറഞ്ഞത്. എന്തായാലും നെടുമ്പോയിൽ എത്തുമ്പോൾ തെങ്ങിൻ മണ്ടകൾ പാളിനോക്കിയാണ് പ്രകാശനിപ്പോൾ വണ്ടിയോടിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam