
തൃശൂർ: അമ്മാടം സ്വദേശിയിൽ നിന്നും രണ്ടര കോടിയിലധികം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി പകരം തങ്കക്കട്ടി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിൽ ഒരാൾ കൂടി പിടിയിലായി. കൊരട്ടി ചെറുവാളൂർ സ്വദേശി തെക്കുംത്തല വീട്ടിൽ ജിക്സണെയാണ് (47) തൃശൂർ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. സ്വർണാഭരണങ്ങൾക്ക് തുല്യമായ തങ്കക്കട്ടി 15 ദിവസത്തിനുള്ളിൽ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൊത്തം 27341491 രൂപയുടെ സ്വർണാഭരണങ്ങളാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ രണ്ട് ദിവസങ്ങളിലായി പ്രതികൾ വാങ്ങിയത്.
എന്നാൽ പണമോ സ്വർണാഭരണങ്ങളോ തങ്കകട്ടികളോ തിരികെ കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയത്. തുടർന്ന് മെയ് മാസത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ സുജിത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് തുടരന്വേഷണം തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോയുടെ ഉത്തരവു പ്രകാരം കൈമാറി.
ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ വൈ. നിസാമുദ്ദീൻ കേസ് ഏറ്റെടുത്ത് അന്വേഷിക്കുകയും ചെയ്തു. അന്വേഷണത്തിൽ പ്രതികൾ തെളിവ് നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു. പ്രതികൾ നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെ്കടർമാരായ ജയപ്രദീപ്, വി കെ സന്തോഷ്, അസി. സബ് ഇൻസ്പെ്കടർ ജെസ്സി ചെറിയാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ്, സിവിൽ പൊലീസ് ഓഫീസർ സച്ചിൻ ദേവ് എന്നിവരും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam