കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലേയും വിജയികൾ ഗുരുവും ശിഷ്യയും

By Web TeamFirst Published May 3, 2021, 12:01 AM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഗുരുവിനും ശിഷ്യയ്ക്കും വിജയം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ ശിഷ്യയാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച കാനത്തില്‍ ജമീല. 

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഗുരുവിനും ശിഷ്യയ്ക്കും വിജയം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ ശിഷ്യയാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച കാനത്തില്‍ ജമീല. 

സി.പി.എം നേതാക്കളായ ഇരുവരും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായാണ് മത്സരിച്ച് വിജയിച്ചത്. കുറ്റ്യാടി എംഐ യുപി സ്‌കൂളില്‍ വര്‍ഷങ്ങളോളം കെപി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍  അധ്യാപകനായിരുന്നു. കുറ്റ്യാടി സ്വദേശിയായ കാനത്തില്‍ ജമീലയുടെ ആദ്യകാല വിദ്യാഭ്യാസം കുഞ്ഞമ്മദ്കുട്ടി മാസ്റ്ററുടെ കീഴിലായിരുന്നു. 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് കാനത്തില്‍ ജമീല. കെപി കുഞ്ഞമ്മദ് കുട്ടിമാസ്റ്ററും മുന്‍  കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. കൊയിലാണ്ടി മണ്ഡലത്തില്‍ ജമീല കോണ്‍ഗ്രസിലെ എന്‍. സുബ്രഹ്മണ്യനെയാണ് പരാജയപ്പെടുത്തിയത്. 

പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യത്തെ തുടര്‍ന്ന് മത്സരരംഗത്തിറങ്ങിയ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ സിറ്റിങ് എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ളയെയാണ് കുറ്റ്യാടിയില്‍ പരാജയപ്പെടുത്തിയത്.

click me!