വയനാട്: വയനാട് പടിഞ്ഞാറത്തറയിൽ മദ്യപിച്ച് മോശമായി പെരുമാറിയയാളെ കൈകാര്യം ചെയ്ത് യുവതി. വിവാഹബ്യൂറോ ഉടമസ്ഥയായ സന്ധ്യയ്ക്കാണ് ദുരനുഭവമുണ്ടായത്. മദ്യപിച്ചെത്തിയ ഒരാൾ തന്‍റെ ദേഹത്ത് പിടിക്കാൻ ശ്രമിച്ചപ്പോൾ ചുട്ട മറുപടി തന്നെ കൊടുത്തു സന്ധ്യ.
വയനാട് പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചാണ് സംഭവം. നാലാം മൈലിൽ നിന്ന് വേങ്ങപ്പള്ളിയിലേക്ക് പോവുകയായിരുന്നു സന്ധ്യ. അപ്പോഴാണ് വഴിയിൽ വച്ച് മദ്യപനായ ഒരാൾ ബസ്സിൽ കയറിയത്. സംഭവത്തെക്കുറിച്ച് സന്ധ്യ പറയുന്നതിങ്ങനെ:
''എനിക്ക് വിവാഹബ്യൂറോയുടെ ഓഫീസാ. ഒരു പ്രൊപ്പോസൽ കാണിക്കാൻ പോവുകയായിരുന്നു. എനിക്കാണെങ്കിൽ വലിയ പരിചയമില്ല സ്ഥലം. അതിനാൽ ബസ്സിന്‍റെ മുന്നിൽത്തന്നെയാണ് ഇരുന്നത്. പടിഞ്ഞാറത്തറ സ്റ്റാൻഡിൽ ബസ്സ് നിർത്തിയിട്ട സമയത്താണ് ഒരാൾ കേറിയത്. കുറച്ച് കഴിഞ്ഞപ്പോ അയാൾ കവറിൽ നിന്ന് ഒരു സോപ്പൊക്കെ എടുത്ത് അപമര്യാദയായിട്ട് വർത്തമാനം പറയാൻ തുടങ്ങിയത്. അപ്പോൾ ''ചേട്ടാ പിന്നിലേക്ക് ഇരിക്ക്, നിറയെ സീറ്റുണ്ടല്ലോ'' എന്ന് ഞാൻ പറഞ്ഞു. എന്നിട്ടും അയാൾ അനങ്ങുന്നില്ല. അപ്പോ എന്‍റെ അടുത്ത് ഒരു ഉമ്മ ഇരിക്കുന്നുണ്ട്. അവരോടും അയാൾ കണ്ണടിച്ച് കാണിക്കുകയാണ്. അപ്പോ അവര് പറഞ്ഞു, ''മോളേ, അയാളോട് പിന്നിലേക്ക് ഇരിക്കാൻ പറയ്'', എന്ന്. സഹിക്കാൻ പറ്റാതായപ്പോൾ ഞാൻ കണ്ടക്ടറോട് പറഞ്ഞു. അപ്പോൾ കണ്ടക്ടർ മാറി ഇരിക്കാൻ അയാളോട് പറഞ്ഞു. അപ്പോളയാളെണീറ്റ് എന്നെ പൂരത്തെറിയാണ് പറയുന്നത്. കേൾക്കാൻ പറ്റാത്ത തെറിയാണ് പറയുന്നത്. അത് ശ്രദ്ധിക്കാതെ ഞാനിരുന്നു. പക്ഷേ പിന്നെ അയാള് പുറത്തിറങ്ങി 'ഐ ലവ്യൂ, നിന്നെ ഞാൻ കെട്ടും, നിന്നെ ഞാൻ കൊണ്ടോവും'', എന്നൊക്കെ പറഞ്ഞ് എന്‍റെ മുഖത്ത് തൊട്ടു. ദേഹത്ത് തൊട്ടപ്പോഴാണ് ഞാൻ പ്രതികരിച്ചത്. അയാളെ പിടിച്ച് ഞാൻ നല്ല അടി അടിച്ചിട്ടുണ്ട്'', സന്ധ്യ പറയുന്നു.
അതേസമയം, പൊലീസിൽ പരാതി നൽകാനില്ലെന്നും സന്ധ്യ വ്യക്തമാക്കുന്നു. ''എന്നെ ഉപദ്രവിച്ചയാൾക്ക് ഞാൻ തന്നെ നല്ലോണം കൊടുത്തിട്ടുണ്ട്. ഇനി പൊലീസിൽ പരാതിപ്പെട്ടിട്ട് എന്താവാനാ. എനിക്ക് ആ ഉപദ്രവിച്ചയാളെ അറിയുക പോലുമില്ല. എങ്ങനെയാണ് അയാളെ ഇനി കണ്ടെത്തുക?'', സന്ധ്യ ചോദിക്കുന്നു.
സംഭവത്തിൽ പടിഞ്ഞാറത്തറ പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പരാതി ലഭിക്കാത്തതിനാൽ സ്വമേധയാ കേസെടുക്കേണ്ട കാര്യമുണ്ടോ എന്ന് പരിശോധിക്കും. ബസ്സ് കണ്ടക്ടറെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
വീഡിയോ കാണാം: