ആദ്യഫലങ്ങള്‍ നെഗറ്റീവ്, മരണശേഷം കൊവിഡ് പോസിറ്റീവ്; യുവതിയുടെ വീട്ടിലെത്തിയവര്‍ നീരീക്ഷണത്തില്‍

By Web TeamFirst Published Sep 28, 2020, 4:47 PM IST
Highlights

യുവതി മരിച്ചതിന് ശേഷം ലഭിച്ച ഫലം പോസിറ്റീവ് ആവുകയായിരുന്നു. ഇതോടെയാണ് മരണവീട്ടിലെത്തിവയരോടും മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു

കല്‍പ്പറ്റ: ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ്. മൂപ്പൈനാട് താഴെ അരപ്പറ്റ ആന വളവില്‍ സ്വദേശിനി ഫൗസിയ (38) ക്കാണ് മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 

പനി, കഫക്കെട്ട് തുടങ്ങിയവയെ തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്ന് മുതല്‍ മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും 20 മുതല്‍ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും ഇവര്‍ ചികിത്സയിലായിരുന്നു. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് സെപ്തംബര്‍ 24ന് കോഴിക്കോട്ടെ  സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും 26ന് ഇവിടെവെച്ച് മരണപ്പെടുകയുമായിരുന്നു. 

ചികിത്സാ സമയത്ത് നടത്തിയ പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു. എന്നാല്‍ യുവതി മരിച്ചതിന് ശേഷം ലഭിച്ച ഫലം പോസിറ്റീവ് ആവുകയായിരുന്നു. ഇതോടെയാണ് മരണവീട്ടിലെത്തിവയരോടും മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഫൗസിയക്ക് രോഗബാധയുണ്ടായത്. ഇന്നലെ 172 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

click me!