ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം

By Web TeamFirst Published Sep 19, 2021, 7:32 PM IST
Highlights

പ്രസവവേദനയെ തുടർന്ന്  ഓട്ടോറിക്ഷയിലാണ് വീട്ടിൽ നിന്നും കായംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.  പിന്നീട് ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.

ഹരിപ്പാട്: പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവതിക്ക് വഴിമധ്യേ ആംബുലൻസിൽ സുഖപ്രസവം. തൃക്കുന്നപ്പുഴ പതിയാങ്കര വേലംപറമ്പിൽ ശ്രീജിത്തിന്റെ  ഭാര്യ രേഷ്മയാണ് (24) പെൺകുഞ്ഞിന്  ആംബുലൻസിൽ ജന്മം നൽകിയത്. കഴിഞ്ഞദിവസം  വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. 

പ്രസവവേദനയെ തുടർന്ന്  ഓട്ടോറിക്ഷയിലാണ് വീട്ടിൽ നിന്നും കായംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. വേദന കലശലായതിനെ തുടർന്ന്  ആറാട്ടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സേഫ് കെയർ ആംബുലൻസിൻറെ സേവനം തേടി.  ഓട്ടോറിക്ഷ ജെട്ടി പാലത്തിന് സമീപം എത്തിയപ്പോൾ ആംബുലൻസ് എത്തുകയും പിന്നീട് അതിലേക്ക് യുവതിയെ മാറ്റുകയുമായിരുന്നു.  

പുല്ലുകുളങ്ങര ജങ്ഷൻ  എത്തിയപ്പോഴാണ്  യുവതി പ്രസവിച്ചത്. രേഷ്മയുടെ മാതാവ് ലതയും ബന്ധു ശ്രീജയുമായിരുന്നു ഈ സമയം ആംബുലൻസിൽ ഉണ്ടായിരുന്നത്. ആംബുലൻസ് ഉടമ സൈഫുദ്ദീൻ അവർക്ക്  വേണ്ട അടിയന്തിര സഹായങ്ങൾ  ചെയ്ത് കൊടുത്ത ശേഷം പെട്ടെന്ന് തന്നെ കായംകുളത്തെ മെഡിക്കൽ ട്രസ്റ്റ്  ആശുപത്രിയിൽ  എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. രേഷ്മയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ഭാവിയിൽ കുഞ്ഞിന്‍റെറെ ചികിത്സയുമായി ബന്ധപ്പെട്ട ആംബുലൻസ്  സേവനങ്ങൾ സൗജന്യമായി നൽകുമെന്ന് സൈഫുദ്ദീൻ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!