ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നേപ്പാൾ സ്വദേശിനിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ പ്രസവം

Published : Jul 28, 2022, 12:57 PM IST
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നേപ്പാൾ സ്വദേശിനിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ പ്രസവം

Synopsis

വ്യാഴാഴ്ച രാവിലെ 9.30ന് പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ നേപ്പാൾ സ്വദേശിനിയെ ഡോക്ടർ വിദഗ്ധ ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. 

വയനാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നേപ്പാൾ സ്വദേശിനി കനിവ് 108 ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നല്‍കി. നേപ്പാൾ സ്വദേശിനിയും രാജമസി (23) ആണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.  വയനാട്ടിലെ സീതാമൗണ്ടില്‍ താമസിക്കുന്ന വീരേന്തിന്റെ ഭാര്യയാണ് രാജമസി. വ്യാഴാഴ്ച രാവിലെ 9.30ന് പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ പൂര്‍ണ്ണ ഗര്‍ഭിണിയായ രാജമസിയെ ഡോക്ടർ വിദഗ്ധ ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. 

താലൂക്ക് ആശുപത്രിയിലേക്ക് രാജമസിയെ കൊണ്ടുപോകാനായി കനിവ് 108 ആംബുലൻസിന്റെ സേവനം ഡോക്ടർ തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഉടൻ പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസുമായി എത്തിയ പൈലറ്റ് സോബിൻ ബാബു, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമ്യ രാഘവൻ എന്നിവർ രാജമസിയുമായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് യാത്ര തിരിച്ചു. 

പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് ഓഫീസർ വിജിയും ആംബുലൻസിൽ ഇവരെ അനുഗമിച്ചു. ആംബുലൻസ് പാമ്പ്രയ്ക്ക് സമീപം എത്തിയപ്പോൾ രാജമസിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.  എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമ്യ രാഘവന്റെ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലയെന്ന് മനസിലാക്കി ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 

Read More : നിലമ്പൂരിലെ ആശുപത്രി ജീവനക്കാർ ശുചിമുറി കഴുകിച്ച ഗർഭിണി പ്രസവിച്ചു; പെൺകുഞ്ഞ്

പത്ത് മണിക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ രമ്യ രാഘവൻ, നഴ്സിങ് ഓഫീസർ വിജി എന്നിവരുടെ പരിചരണത്തിൽ രാജമസി ആണ്‍കുഞ്ഞിന്  ജന്മം നൽകി. തുടർന്ന് ഇരുവരും അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി. ആംബുലൻസ് പൈലറ്റ് സോബിൻ ബാബു ഉടൻ ഇരുവരെയും ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി