
കൊച്ചി: എന്നത്തെയും പോലെ ഒരു സാധാരണ ദിവസമെന്നോണം വീട് പൂട്ടി ആശുപത്രിയിലേക്ക് പോയതാണ് സീന. എന്നാൽ തിരികെ വന്നപ്പോൾ കണ്ടത് മറ്റൊരു താഴിട്ട് പൂട്ടിയ വീടും വീടിന്റെ സിറ്റൗട്ടിൽ ബാങ്കിന്റെ ജപ്തി അറിയിപ്പുമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ തലയിൽ കൈവെച്ച് ഇരിക്കാനേ സീനയ്ക്ക് സാധിച്ചുളളൂ. നെടുമ്പാശ്ശേരി ആവണംകോട് മണിയത്തറ പുല്ലന്തറ വീട്ടിൽ സീന ശശിക്കാണ് ആശുപത്രിയിൽ പോയി വന്നപ്പോഴേക്കും വീട് നഷ്ടമായത്. അഞ്ച് ലക്ഷം രൂപയാണ് ആലുവ അർബൻ സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തത്. പലിശയടക്കം ഇപ്പോൾ 7 ലക്ഷം രൂപയാണ് അടയ്ക്കേണ്ടത്. 2 ലക്ഷം രൂപ തിരികെ അടച്ചിരുന്നു. ഭർത്താവിന് അസുഖം വന്നതോടെ വലിയ തുക ചികിത്സയ്ക്ക് ചെലവായിരുന്നുവെന്ന് സീന പറയുന്നു. ഇതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ഒരു വർഷം മുൻപ് ഭർത്താവ് മരണപ്പെടുകയും ചെയ്തു. ഇപ്പോൾ സീനയും മകനുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം നാലര മണിയോടെ സീന വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കോടതി വഴി ജപ്തി നടപ്പാക്കിയത്. നിലവിൽ ബന്ധുവിന്റെ വീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണ് കുടുംബം. മൂന്ന് സെന്റ് സ്ഥലത്താണ് വീട്. അതേസമയം, ജപ്തി ചെയ്യുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നതായും കോടതി കമ്മിഷൻ എല്ലാ നടപടിയും പൂർത്തിയാ ക്കിയാണ് വീട് ജപ്തി ചെയ്തതെന്നും ബാങ്ക് അധികൃതർ വിശദീകരിച്ചു. പണം തിരികെ അടച്ചാൽ നിയമാനുസൃതമായ എല്ലാ ഇളവുകളും നൽകാൻ ബാങ്ക് തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam