Latest Videos

യുവതിയുടെ ഫോട്ടോയും നമ്പറും അശ്ലീല സൈറ്റിൽ; യുവാവിന്‍റെ വീട്ടില്‍ പൊലീസ്; ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തു

By Web TeamFirst Published Feb 9, 2023, 9:26 AM IST
Highlights

യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പരും അശ്ലീല വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന കാട്ടാക്കട ആലമുക്ക് സ്വദേശിയുടെ വീട്ടില്‍ നിന്നാണ് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തത്.

തിരുവനന്തപുരം: യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റിലിട്ട സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടില്‍ പൊലീസ് തെളിവെടുത്തു. ഇയാളുടെ പക്കൽ നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഉപകരണങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും. യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പരും അശ്ലീല വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന കാട്ടാക്കട ആലമുക്ക് സ്വദേശിയുടെ വീട്ടില്‍ നിന്നാണ് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തത്.

ബുധനാഴ്ച വൈകിട്ടോടെ ഇയാളുടെ വീട്ടിലെത്തിയ പൊലീസും സൈബര്‍ വിദഗ്ധരും രണ്ടര മണിക്കൂര്‍ നീണ്ട തെളിവെടുപ്പിനു ശേഷം കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾപ്പെടെ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി കൊണ്ടുപോയി. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ റൂറൽ എസ്പി യുടെ നിർദേശത്തെ തുടർന്ന് കാട്ടാക്കട പോലീസ് എഫ് ഐ.ആര്‍ ഇട്ടിരുന്നു. ഇതില്‍ ഒരാളാണ് തന്റെ ഫോട്ടോ അശ്ലീല സൈറ്റില്‍ ഇട്ടതെന്ന് പരാതിക്കാരിയായ യുവതി ആരോപിക്കുന്നു. അതെ സമയം നിലവിൽ എട്ടുപേരുടെയും മൊബൈൽ ഫോൺ സ്റ്റേഷനിൽ പോലീസ് വാങ്ങി വച്ചു.

സൈബര്‍ പൊലീസിന്റെ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ പ്രതി ഇവരിൽ ആരെന്നുള്ളതും സംഭവത്തെ പറ്റി കൂടുതൽ വിശദാംശങ്ങള്‍ നല്‍കാനാവൂ എന്നുമാണ് കാട്ടാക്കട പൊലീസ് പറയുന്നത്. ഇതിനിടെ കാട്ടാക്കട ഡിവൈ.എസ്.പിയും ബുധനാഴ്ച യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. യുവതിയുടെ പരാതിയില്‍ ആദ്യം കേസെടുക്കാന്‍ തയാറാകാതിരുന്ന പൊലീസ് പിന്നീട് പരാതി ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിച്ചത് വിവാദമായിരുന്നു. ഒത്തുതീര്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നു കാട്ടി കാട്ടാക്കട എസ്.എച്ച്.ഒക്കെതിരെ യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നു.

Read More: യുവതിയുടെ ചിത്രവും നമ്പറും അശ്ലീല സൈറ്റിൽ; സ്കൂൾ സഹപാഠികളുടെ വാട്സ് ആപ്പ് ​ഗ്രൂപ്പിലെ അം​ഗങ്ങൾക്കെതിരെ പരാതി

കാട്ടാക്കട എസ്.എച്ച്.ഒ പ്രതികളുമായി ചേര്‍ന്ന് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതോടെ യുവതി തിരുവനന്തപുരം റൂറല്‍ എസ്.പിയെ സമീപിക്കുകയായിരുന്നു. റൂറല്‍ എസ്.പിയുടെ നിര്‍ദേശാനുസരണമാണ് പ്രതികളെ പൊലീസ് വിളിച്ചുവരുത്തിയത്. ഒന്നാം തീയതി നല്‍കിയ പരാതിയിലെ അന്വേഷണം എട്ടാം തീയതിവരെ നീണ്ടുപോയത് പ്രതികളുടെ സ്വാധീനം കൊണ്ടാണ് എന്ന ആരോപണവും ഉയർന്നിരുന്നു. 

ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളില്‍ നിന്നും മെസേജുകള്‍ വന്നു. വിദേശത്തുള്ള ഭര്‍ത്താവിനെ വിവരം അറിയിക്കുകയുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.

ജനുവരി 31ന് സൈബര്‍ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നല്‍കി. സംശയമുള്ള ആളിന്റെ പേരും ഫോണ്‍ നമ്പരുമടക്കമാണ് പരാതി നല്‍കിയത്. അഞ്ച് ദിവസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന കാട്ടാക്കട എസ്.എച്ച്.ഒ ആറാം തിയതി പ്രതിയെയും പരാതിക്കാരിയെയും വിളിച്ചുവരുത്തിയ ശേഷം പരാതി ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അതിന് തയാറല്ലെന്ന് അറിയിച്ച യുവതി അന്നുതന്നെ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു.

click me!