
കോഴിക്കോട്: ലഹരി സംഘത്തിലേക്ക് തിരികെയെത്താന്‍ കാപ്പാ കേസ് പ്രതി ഭീഷണിപ്പെടുത്തുവെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ലഹരി കടത്ത് സംഘത്തിൽ അകപ്പെട്ട സ്ത്രീ സംഘം വിട്ടിരുന്നു. കാപ്പാ കേസ് പ്രതി നിരന്തരം ഭീഷണിപ്പെടുത്തുന്നതിനേക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടിട്ടും ഫലം കാണാതെ വന്നതോടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
പൊലീസ് ഫലപ്രദമായി ഇടപെട്ടില്ലെന്നതില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് സിറ്റി പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കാപ്പാ പ്രതിയായ വെബ്ലി സലിം എന്നയാളാണ് യുവതിയെ ഭീഷണിപ്പെടുത്തുന്നതെന്നാണ് പരാതി.
നല്ലളം പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയെങ്കിലും പ്രതിക്കെതിരെ നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നാണ് യുവതി പറയുന്നത്. ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു. യുവതിയുടെ സുഹൃത്തിനെ നഗ്നനാക്കി വീഡിയോ പകർത്തി കാപ്പാ പ്രതി യുവതിക്ക് അയച്ചുകൊടുത്തതായും പരാതിയിലുണ്ട്.
താൻ നിരപരാധിയാണെന്നും ലഹരി കടത്ത് സംഘത്തിൽ അകപ്പെടുത്തിയതാണെന്നും യുവതി പറയുന്നു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 29 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം