വായ്പാ തിരിച്ചടവ് തുക ബാങ്കിലടക്കാതെ വഞ്ചിച്ചെന്ന പരാതിയുമായി വീട്ടമ്മമാര്‍

Published : Feb 05, 2022, 12:44 AM IST
വായ്പാ തിരിച്ചടവ് തുക ബാങ്കിലടക്കാതെ വഞ്ചിച്ചെന്ന പരാതിയുമായി വീട്ടമ്മമാര്‍

Synopsis

ബാങ്കില്‍ പണം അടക്കാനായി നല്‍കിയതില്‍ മൂന്നു ലക്ഷം രൂപയോളം തിരിമറി നടത്തിയതായി വീട്ടമ്മമാരായ ശോഭ തങ്കമണി, ഷൈനി, അജിത, വാസന്തി, ഓമന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കില്‍ യാഥാസമയം തുക അടക്കാതിരുന്നതിനെ തുടര്‍ന്ന് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ബാങ്ക് നോട്ടിസ് അയച്ചതോടെയാണ് തിരിമറി  അറിഞ്ഞത്.  

മാന്നാര്‍: സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത വനിതാ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ തിരിച്ചടവിനായി നല്‍കിയ തുക ബാങ്കിലടക്കാത്തതിനെ തുടര്‍ന്ന് കട ബാധ്യതയിലായ വീട്ടമ്മമാര്‍  പരാതിയുമായി രംഗത്ത്. മാന്നാര്‍ കുട്ടമ്പേരൂര്‍ 1654-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും പത്ത് പേര്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് 10 ലക്ഷം രൂപ വായ്പയെടുത്ത നവപ്രഭ, ദിവ്യജ്യോതി ഗ്രൂപ്പുകളിലെ അംഗങ്ങളാണ് പരാതിയുമായി എത്തിയത്. ഭാരവാഹികളായ  സ്മിത, രമ, ഓമന, സൂര്യ എന്നിവര്‍ക്കെതിരെയാണ് ആരോപണം. 

ബാങ്കില്‍ പണം അടക്കാനായി നല്‍കിയതില്‍ മൂന്നു ലക്ഷം രൂപയോളം തിരിമറി നടത്തിയതായി വീട്ടമ്മമാരായ ശോഭ തങ്കമണി, ഷൈനി, അജിത, വാസന്തി, ഓമന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കില്‍ യാഥാസമയം തുക അടക്കാതിരുന്നതിനെ തുടര്‍ന്ന് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ബാങ്ക് നോട്ടിസ് അയച്ചതോടെയാണ് തിരിമറി  അറിഞ്ഞത്. മാന്നാര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ മിനി ഫാക്ടറി ഭാഗത്തെ താമസക്കാരാണ് ഇരുഗ്രൂപ്പിലെയും അംഗങ്ങള്‍. അമ്പതിനായിരം രൂപ വായ്പയെടുത്തതില്‍ നാല്‍പതിനായിരത്തോളം തിരിച്ചടച്ച് കഴിഞ്ഞു.  35000 രൂപ ഇനിയും അടക്കണമെന്ന ബാങ്ക് നോട്ടീസ് കൈപറ്റിയ അംഗങ്ങള്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് തങ്ങള്‍  വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. അടക്കാന്‍ തുക ബാങ്കിന് ലഭിച്ചില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് തിരിമറി നടത്തിയ ഭാരവാഹികള്‍ക്കെതിരെ ഗ്രൂപ്പ് അംഗങ്ങള്‍  മാന്നാര്‍ പോലിസില്‍ പരാതി നല്‍കി. കുടിശ്ശിക തുക അടക്കാമെന്ന് ഇവര്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ല. പിന്നീട് ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കും പരാതി നല്‍കി. തൊഴിലുറപ്പു ജോലിയും  വീട്ടു ജോലി ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കുന്ന തങ്ങളെ വഞ്ചിച്ചവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും ഇനി ആര്‍ക്കും ഈ ഗതി വരരുതെന്നും വീട്ടമ്മമാര്‍ കണ്ണീരോടെ പറയുന്നു.

സ്വയം തൊഴില്‍ സംരംഭത്തിനായി സ്ത്രീ കൂട്ടായ്മകള്‍ക്ക് എസ് എച്ച് ഗ്രൂപ്പ് എന്ന പേരില്‍ പരസ്പര ജാമ്യവ്യവസ്ഥയില്‍  ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം നവംബര്‍ 2017 മുതല്‍ 1654-ാം നമ്പര്‍ കുട്ടമ്പേരൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ നല്‍കുന്നുണ്ട്. പത്തുപേരടങ്ങുന്ന സംഘങ്ങളായി ഇതുവരെ 198 ഗ്രൂപ്പുകളാണ് രജിസ്റ്റര്‍ ചെയ്ത് ഈ ലോണ്‍ വ്യവസ്ഥയില്‍ ഭാഗമായിട്ടുള്ളതെന്ന് കുട്ടമ്പേരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി.കെ പ്രസാദ് അറിയിച്ചു. ഇതില്‍ ഏകദേശം 15 ഗ്രൂപ്പുകള്‍ തിരിച്ചടവ് വ്യവസ്ഥകള്‍ ലംഘിക്കുകയും കുടിശ്ശിക വരുത്തിയിട്ടുമുണ്ട്. അവര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായിട്ടാണ് നോട്ടീസ് അയച്ചിട്ടുള്ളത്.  

നവപ്രഭ, ദിവ്യജ്യോതി എന്നീ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ പോലീസില്‍ നല്‍കിയ പരാതി പ്രകാരം അവര്‍ ബാങ്കില്‍ അടച്ചതിന്റെ കണക്കുകളും ബാങ്ക് സ്വീകരിക്കുന്ന നിയമ നടപടികളും ഗ്രൂപ്പ് അംഗങ്ങളെ മാന്നാര്‍ എസ് എച്ച് ഒ യുടെ സാന്നിധ്യത്തില്‍ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ബോധ്യപ്പെടുത്തിയിട്ടുളളതാണ്. തുടര്‍ന്ന് ചില അംഗങ്ങള്‍ കുടിശ്ശിക അടച്ചതായും അടക്കാത്തവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ബാങ്ക് പ്രസിഡന്റ് ബി.കെ പ്രസാദ് അറിയിച്ചു.

PREV
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്