കണ്ടുപഠിക്കണം, ഈ പെണ്‍കൂട്ടായ്മയുടെ എള്ളുകൃഷി മാതൃക

By Web TeamFirst Published May 25, 2020, 5:38 PM IST
Highlights

പെണ്‍കൂട്ടായ്മയുടെ എള്ളുകൃഷി സംസ്ഥാനത്തിനുതന്നെ മാതൃകയാകുന്നു. 

കായംകുളം: പെണ്‍കൂട്ടായ്മയുടെ എള്ളുകൃഷി സംസ്ഥാനത്തിനുതന്നെ മാതൃകയാകുന്നു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഫാര്‍മര്‍ ഫസ്റ്റ് പദ്ധതിയിലൂടെയാണ്  പത്തിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ 140 ഏക്കറോളം സ്ഥലത്ത് എള്ള് വിളഞ്ഞത്. മുപ്പത്തിരണ്ടോളം വനിതാ ഗ്രൂപ്പുകളും നാല്‍പതോളം വ്യക്തിഗത കര്‍ഷകരുമാണ് എള്ളുപാടങ്ങളൊരുക്കിയത്. 

കേരളത്തിലെ എണ്ണക്കുരുക്കളില്‍ പ്രധാനപ്പെട്ടതാണ് എള്ള്. ഓണാട്ടുകരയുടെ ഈ പാരമ്പര്യകൃഷി അന്യംനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് സിപിസിആര്‍ഐ. ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ വനിതാ ഗ്രൂപ്പുകളെ സംഘടിപ്പിച്ച് എള്ളുകൃഷിക്ക് ആരംഭിച്ചിരിക്കുന്നത്. 

2016-17ല്‍ പദ്ധതി തുടങ്ങുമ്പോള്‍ നാല് ഏക്കറില്‍ തുടങ്ങിയ കൃഷിയാണ് 140 ഏക്കറിലേക്ക് വളര്‍ന്നത്. കായംകുളം-1, തിലക്, തിലതാന, തിലറാണി എന്നീ വിത്തിനങ്ങളാണ് സിപിസിആര്‍ഐ. നല്‍കിയത്. ഒരേക്കര്‍ സ്ഥലത്തേക്ക് രണ്ടുകിലോ വിത്ത് എന്നതാണ് കണക്ക്. ലോക്ഡൗണ്‍ മുന്‍കരുതല്‍ പാലിച്ചായിരുന്നു ഇത്തവണ വിളവെടുപ്പ്. 

തമിഴ്നാട്ടിലെ പരുത്തിഗവേഷണ കേന്ദ്രത്തില്‍നിന്ന് എത്തിച്ച വെളുത്ത എള്ളും പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്ത് മികച്ച വിളവ് നേടാനും പത്തിയൂരിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നു. ഒരു ഹെക്ടറില്‍നിന്ന് 250 കിലോ മുതല്‍ 300 കിലോ വരെ എള്ള് ലഭിച്ചു. ചില വാര്‍ഡുകളില്‍ 300 കിലോയ്ക്ക് മുകളിലും വിളവ് ലഭിച്ചു. ചാണകം, യൂറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നിവയാണ് വളം. 

90 ദിവസത്തിനുള്ളില്‍ വിളവെടുക്കാനാകും. കിലോയ്ക്ക് 250 രൂപ മുതല്‍ 300 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില. ഇതാണ് വ്യാവസായികമായി എള്ള് കൃഷിചെയ്യാന്‍ കൂടുതല്‍ കര്‍ഷകരെ പേരിപ്പിക്കുന്നത്. വരുമാന വര്‍ധനയ്ക്കായി എള്ളിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടന്നിരിക്കുകയാണ് കര്‍ഷകര്‍. പത്തിയൂര്‍ കര്‍ഷക എള്ളെണ്ണ വിപണിയിലെത്തിക്കഴിഞ്ഞു.

click me!