
തൃക്കുന്നപ്പുഴ: വിവാഹം ഉറപ്പിച്ചിരുന്ന പത്തൊൻമ്പതുകാരി കാമുകനൊപ്പം ഒളിച്ചോടി പോയതിനെ ചൊല്ലി സ്റ്റേഷൻ വളപ്പിൽ ഇരുവരുടേയും കുടുംബാംഗങ്ങൾ തമ്മിൽ സംഘർഷം. ഏറ്റുമുട്ടൽ നടക്കുന്നതിനിടെ കുടുംബാംഗങ്ങളെ പിടിച്ച് മാറ്റാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. ആലപ്പുഴയിലെ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
കൈയ്ക്ക് പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ സജാഹുദ്ദീനെ ആശുപത്രിയിലെത്തി ചികിത്സ തേടി. അറസ്റ്റ് ചെയ്തവരിൽ പ്രായപൂർത്തിയാകാത്ത യുവതിയുടെ സഹോദരനെ വിട്ടയച്ചു. ആറാട്ടുപുഴ സ്വദേശിയുമായുള്ള തന്റെ വിവാഹം രജിസ്റ്റർ ചെയ്യാനാവശ്യമായ രേഖകൾ വീട്ടുകാരിൽനിന്ന് വാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ടാണ് പാനൂർ സ്വദേശിയായ യുവതി പൊലീസിനെ സമീപിച്ചത്.
യുവതിയുടെ ആവശ്യപ്രകാരം കുടുംബാംഗങ്ങളെ പൊലീസ്, സ്റ്റേഷനിൽ വിളിച്ചുവരുത്തി. യുവാവിന്റെ ബന്ധുക്കളും സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് രേഖകൾ വീട്ടിലല്ലെന്ന് പറഞ്ഞതോടെ യുവതിയുടെ വീട്ടുകാരെ സ്റ്റേഷനിൽ നിന്ന് ആദ്യം പറഞ്ഞുവിട്ടു. കുറച്ച് സമയത്തിന് ശേഷമാണ് യുവാവിന്റെ വീട്ടുകാർ സ്റ്റേഷനിൽനിന്നും പോയത്. എന്നാൽ സ്റ്റേഷന് പുറത്ത് കാത്തുനിന്ന യുവതിയുടെ വീട്ടുകാർ യുവതിയെയും മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam