
കോഴിക്കോട് : എഴുത്തുകാരനും ദീർഘകാലം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ മലയാളം അധ്യാപകനുമായിരുന്ന എസ് ഇ ജെയിംസ് (70) അന്തരിച്ചു. വെള്ളിമാട്‌കുന്ന് നെടൂളിയിലെ വീട്ടിൽ ശനിയാഴ്‌ച ഉച്ചയോടെ ജെയിംസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒറ്റയ്‌ക്കായിരുന്ന താമസം.
പരിസരവാസികൾ വീട്ടിലെത്തിയപ്പോൾ ആരെയും കാണാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് വീടിനുള്ളിലെ സ്റ്റെയര്‍കേസില്‍ ജെയിംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്നും ശരീരത്തിൽ മുറിവുകളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ഇദ്ദേഹം 1980 മുതൽ കോഴിക്കോട് കൃസ്‌ത്യൻ കോളജിൽ മലയാളം അധ്യാപകനായിരുന്നു. 2002ൽ വിരമിച്ചു. സംവത്സരങ്ങൾ, മൂവന്തിപ്പൂക്കൾ എന്നീ നോവലുകളും വൈദ്യൻ കുന്ന് എന്ന കഥാസമാഹാരവും രചിച്ചിട്ടുണ്ട്. ചരിത്രവും മിത്തും ഇഴചേര്‍ത്ത് തെക്കൻ തിരുവിതാംകൂറിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥപറയുന്ന സംവത്സരങ്ങള്‍ എന്ന നോവല്‍ എഴുതിയിട്ടുണ്ട്.
ദളിത് പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നോവലിൽ അയ്യങ്കാളിയും അദ്ദേഹത്തിന്റെ സമരങ്ങളും പരാമർശിക്കുന്നുണ്ട്. മാമ്മന്‍ മാപ്പിള നോവല്‍ അവാര്‍ഡ് ലഭിച്ച ഈ കൃതി ആദ്യം എസ്പിസിഎസും പിന്നീട് ചിന്ത പബ്ലിഷേഴ്സുമാണ് പ്രസിദ്ധീകരിച്ചത്. കൂടാതെ നാടകങ്ങളും തിരക്കഥകളും രചിച്ചിരുന്നു. മലയാളത്തിലെ ചില ആനുകാലികങ്ങളിലും ജെയിംസ് പ്രവർത്തിച്ചിരുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ പഠിക്കവെ എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്ന ജെയിംസ് 1978 മുതൽ 79 വരെ യൂണിയൻ ചെയർമാനായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഏക മകൻ അലക്സിന്റെ കൂടെ ബംഗളൂരിലായിരുന്നു ജയിംസ് താമസിച്ചിരുന്നത്. ദിവസങ്ങൾക്കു മുമ്പാണ് കോഴിക്കോട് തിരിച്ചെത്തിയത്. വെള്ളിമാടുകുന്നിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. എഴുപതുകളുടെ അവസാനം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാവും കോളേജ് യൂണിയൻ ചെയർമാനും ആയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam