'തലകറങ്ങി വീണ' യുവതിയെ രക്ഷിക്കാന്‍ പാഞ്ഞെത്തി; ഒടുവില്‍ ആംബുലൻസ് ജീവനക്കാര്‍ക്ക് കിട്ടിയത്

By Web TeamFirst Published Sep 26, 2019, 8:58 AM IST
Highlights
  • കനിവ് 108 വിഴിഞ്ഞം ആംബുലൻസിന്‍റെ കന്നിയോട്ടത്തിലാണ് സംഭവം
  • ഓടിക്കൂടിയ നാട്ടുകാരാണ് 108 ആംബുലൻസിനെ വിവരമറിയിച്ചത്
  • കോടതി നിർദ്ദേശത്തെ തുടർന്ന് യുവതിയെ ഷെൽറ്റർ ഹോമിലേക്ക് മാറ്റി

തിരുവനന്തപുരം: കനിവ് 108 വിഴിഞ്ഞം ആംബുലൻസിന്‍റെ കന്നിയോട്ടം തന്നെ ജീവനക്കാര്‍ക്ക് പൊല്ലാപ്പായി. യുവതി ബോധം കേട്ടു വീണു കിടക്കുന്നു എന്ന സന്ദേശം ലഭിച്ച് സ്ഥലത്തെത്തിയ ആംബുലൻസ് ജീവനകാർക്ക് അതേ വനിതയുടെ തന്നെ ശകാരമാണ് ലഭിച്ചത്. പാച്ചല്ലുർ ചുടുകാട് മുടിപ്പുരയ്ക്ക് മുന്നിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.

റോഡിലൂടെ നടന്നു പോകുകയായിരുന്ന ഒരു ഉത്തരേന്ത്യൻ വനിത പെട്ടെന്ന് റോഡിന്‍റെ ഡിവൈഡറിൽ കിടന്നു. കണ്ടു നിന്ന നാട്ടുകാർ ഓടിക്കൂടി. കടുത്ത ചൂടിൽ തലചുറ്റി വീണതാണെന്ന് കരുതിയ നാട്ടുകാരിൽ ആരോ 108 ആംബുലൻസിനെ വിവരമറിയിച്ചു. ഒപ്പം തിരുവല്ലം പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു.

പൊലീസ് വിവരമറിയിച്ചതനുസരിച്ച് പട്രോളിംഗിലുണ്ടായിരുന്ന പിങ്ക് പൊലീസും 108 ഉം സ്ഥലത്ത് പാഞ്ഞെത്തി. യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ താൻ വെയിൽ കായാൻ കിടന്നതാണെന്നായിരുന്നു യുവതിയുടെ മറുപടി.  കൂടെ നാട്ടുകാർക്കും 108 ജീവനക്കാർക്കും ഇവരുടെ വക ശകാരവും കിട്ടി.

ഇതോടെ നാട്ടുകാർ മടങ്ങി. യുവതിയെ പിങ്ക് പൊലീസ് തിരുവല്ലം സ്റ്റേഷനിലും തുടർന്ന് സിജെഎം കോടതിയിൽ ഹാജരാക്കി. കോടതി നിർദ്ദേശത്തെ തുടർന്ന് ഇവരെ ഷെൽറ്റർ ഹോമിലേക്ക് മാറ്റിയതായി തിരുവല്ലം പൊലീസ് പറഞ്ഞു.

click me!