ടെക്‌നീഷ്യന്‍ പരിശീലനത്തിന് പോയി; കല്‍പറ്റ ജനറല്‍ ആശുപത്രിയിലെ എക്‌സ് റേ യൂണിറ്റിന് പൂട്ട് വിണു

By Web TeamFirst Published Jul 31, 2019, 7:05 PM IST
Highlights

ദിവസേന ആയിരത്തഞ്ഞൂറിലധികം പേര്‍ ആശുപത്രിയിലെ ഒ പിയിലെത്തുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പ്രതിദിനം 150 നുള്ളില്‍ രോഗികള്‍ക്കെങ്കിലും എക്‌സ്‌റേ എടുക്കേണ്ടിവരാറുണ്ട്

കല്‍പ്പറ്റ: ആകെയുണ്ടായിരുന്ന എക്‌സ്‌റേ ടെക്‌നീഷ്യന്‍ ആരോഗ്യവകുപ്പിന് കീഴില്‍ പരിശീലനത്തിന് പോയതോടെ ജില്ലാ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ജനറല്‍ ആശുപത്രിയില്‍ എക്‌സ്‌റേ വിഭാഗം അടച്ചു. ഇക്കഴിഞ്ഞ 27 മുതല്‍ ഓഗസ്റ്റ് ഒന്നാം തീയതിവരെയാണ് പരിശീലനമെങ്കിലും അവധി കൂടി കഴിഞ്ഞതിന് ശേഷമേ ടെക്‌നീഷ്യന്‍ തിരികെ ജോലിയില്‍ പ്രവേശിക്കൂ. അതിനാല്‍ അടിയന്തരസാഹചര്യങ്ങളില്‍പോലും പ്രവര്‍ത്തിപ്പിക്കാനാകാതെ യൂണിറ്റ് അടച്ചിടുകയല്ലാതെ വേറെ മാര്‍ഗമില്ല.

എക്‌സ്‌റേ യൂണിറ്റ് അടച്ചതോടെ സമീപത്തെ സ്വകാര്യ എക്‌സ്‌റേ കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കും. നിര്‍ധന രോഗികള്‍ക്കാകട്ടെ സാമ്പത്തിക ബാധ്യതയും ഏറും. ദിവസേന ആയിരത്തഞ്ഞൂറിലധികം പേര്‍ ആശുപത്രിയിലെ ഒ പിയിലെത്തുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പ്രതിദിനം 150 നുള്ളില്‍ രോഗികള്‍ക്കെങ്കിലും എക്‌സ്‌റേ എടുക്കേണ്ടിവരാറുണ്ട്. ഓര്‍ത്തോവിഭാഗം ഒ പിയുള്ള ദിവസങ്ങളില്‍ തിരക്ക് പിന്നെയും കൂടും.

തിരക്കുള്ള ദിവസങ്ങളില്‍ പോലും ഒരു ടെക്‌നീഷ്യന്‍ മാത്രമുള്ളുവെന്ന കാരണത്താല്‍ രാവിലെ ഒമ്പത് മുതല്‍ രണ്ടു മണി വരെമാത്രമാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ടെക്‌നീഷ്യന്‍ അവധിയെടുത്താലും പരിശീലനത്തിനുപോയാലും യൂണിറ്റ് പ്രവര്‍ത്തിക്കില്ല. ദേശീയ ആരോഗ്യദൗത്യം (എന്‍ എച്ച് എം) പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഒമ്പത് എക്‌സ്‌റേ ടെക്‌നീഷ്യന്മാരെ നിയമിച്ചിട്ടുണ്ട്. ഇതില്‍ ഏഴ് പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് നിയമിച്ചിരിക്കുന്നത്.

ഒരു ടെക്‌നീഷ്യനെ കൂടി കല്‍പറ്റയില്‍ നിയമിച്ചിരുന്നെങ്കില്‍ യൂണിറ്റ് അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നാണ് ആശുപത്രി ജീവനക്കാര്‍ തന്നെ പറയുന്നത്. രണ്ടു പേരുണ്ടെങ്കില്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനസമയവും വര്‍ധിപ്പിക്കാനാവും. മാത്രമല്ല യന്ത്രം പ്രവര്‍ത്തിപ്പിക്കാതെ ഇട്ടാല്‍ കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയേറെയാണത്രേ. ഡെന്‍റല്‍ എക്‌സ്‌റേക്കുള്ള സൗകര്യം ആശുപത്രിയിലുണ്ടെങ്കിലും ടെക്‌നീഷ്യനില്ലാത്തതിനാല്‍ ഉപകരണം വെറുതെയിട്ടിരിക്കുകയാണ്. അഞ്ചുമാസമായി വെറുതെകിടക്കുകയാണ് ഈ മെഷീന്‍. രോഗികള്‍ക്കാവട്ടെ ഇതിനുള്ള സൗകര്യമുണ്ടായിട്ടും സ്വകാര്യ സ്ഥാപനങ്ങളില്‍ പണം മുടക്കേണ്ട അവസ്ഥയാണ്.

click me!