
ആലപ്പുഴ: തുറവൂരിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാവ് പൊലീസിന്‍റെ പിടിയിലായി. ചന്തിരൂർ കണ്ണോത്ത് പറമ്പിൽ ഇസ്മയിലി(23)നെയാണ് അരൂർ എസ്ഐ എസ് ഗീതുമോളുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അരൂർ പഞ്ചായത്ത് 10-ാം വാർഡിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ കഞ്ചാവ് വലിക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
കഞ്ചാവ് എത്തിച്ചു നൽകിയത് ഇസ്മയിലാണെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽനിന്ന് 300 ഗ്രാം കഞ്ചാവിന്‍റെ പൊതി കണ്ടെടുത്തു. നെടൂർ സ്വദേശിയായ ഇയാൾ കുടുംബത്തോടൊപ്പം ചന്തിരൂരിലെ വാടകവീട്ടിലാണ് താമസം.
സ്‌കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് ഇസ്മയിൽ കഞ്ചാവ് വില്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ കഞ്ചാവ് കേസിൽ ഇയാൾ പ്രതിയുമാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഇതിനിടെ, ആലപ്പുഴയിൽ ആറു കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിൽ. ജാർഖണ്ഡ് സ്വദേശി മുർഷിദ് (35), ബിഹാർ സ്വദേശി രാജീവ്കുമാർ (36) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പൊലീസും ചേർന്ന് കഞ്ചാവുമായി പിടികുടിയത്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, പ്രധാനപ്പെട്ട പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടിക്കൂടാനായത്.
വിൽപ്പനയ്ക്കായി ലഹരിവസ്തുക്കൾ ട്രെയിൻ വഴി കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ആലപ്പുഴ ബീച്ച് പത്താം പിയുസ് പള്ളിക്കു സമീപം ബീച്ച് റോഡിൽ കഞ്ചാവ് കൈമാറ്റം ചെയ്യാൻ എത്തിയ പ്രതികൾ പിടിയിലായത്. റെയിൽവേ താൽക്കാലിക ജീവനക്കാരാണ് പിടിയിലായ പ്രതികൾ. ഒരോ പ്രാവശ്യവും വൻതോതിൽ കഞ്ചാവാണ് ഇവർ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവന്ന് കൈമാറ്റം ചെയ്തുപോന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam