അലക്കി വിരിച്ചിട്ട വസ്ത്രങ്ങൾ എടുക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചുവീണ് യുവാവിന് പരിക്ക്

By Web TeamFirst Published Oct 1, 2020, 11:14 PM IST
Highlights

അലക്കി വിരിച്ചിട്ട വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് പരിക്ക്. കൊവിഡ് നിരീക്ഷണത്തിലിരുന്ന ലക്ഷ്മി എസ്റ്റേറ്റില്‍  കുമാറിന്റെ മകന്‍ സുഭാഷിനാണ് പരിക്കേറ്റത്

ഇടുക്കി: അലക്കി വിരിച്ചിട്ട വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് പരിക്ക്. കൊവിഡ് നിരീക്ഷണത്തിലിരുന്ന ലക്ഷ്മി എസ്റ്റേറ്റില്‍  കുമാറിന്റെ മകന്‍ സുഭാഷിനാണ് പരിക്കേറ്റത്. ഇരുനില കെട്ടിടത്തില്‍ നിന്നും തെറിച്ചുവീണ യുവാവിനെ മൂന്നാര്‍ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എസ്‌റ്റേറ്റില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ പഴയമൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ കഴിഞ്ഞ ദിവസമാണ് യുവാവ് നിരീക്ഷണത്തിലിരിക്കാന്‍ മുറി വാടകയ്ക്കെടുത്തത്. രണ്ടാം നിലയില്‍ ഒറ്റക്കായിരുന്നു താമസം. മുഷിഞ്ഞ വസ്ത്രങ്ങള്‍ വ്യാഴാഴ്ച രാവിലെ കെട്ടിടത്തിന് പിന്‍വശം ഉണക്കുന്നതിനായി വിരിച്ചിട്ടിരുന്നു. 

ഉച്ചയോടെ വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിനിടെ കെട്ടിടത്തിന് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി കമ്പില്‍ തട്ടുകയായിരുന്നു. പൊള്ളലേറ്റ യുവാവ് ഇരനിലകെട്ടിടത്തില്‍ നിന്ന് താഴെ വീണു. ദേഹം മുഴുവൻ പൊള്ളലേറ്റ ഇയാളെ അഗ്നിശമനസേനയെത്തിയാണ് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. 

പഴയമൂന്നാറിലെ മുതിരപ്പുഴയാറിന്റെ സമീപങ്ങളില്‍ കൂടിയാണ് സ്വകാര്യ കമ്പനിയുടെ വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്.  പുഴയൊരങ്ങള്‍ കയ്യടക്കി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതോടെ വൈദ്യതി ലൈനുകള്‍ കൈയ്യെത്താവുന്ന ദൂരത്തിലാവുകയും ചെയ്തു. ചിലതാവട്ടെ കെട്ടിടങ്ങളിലും തട്ടിയാണ് നില്‍ക്കുന്നത്. കെട്ടിടയുടമകളും കമ്പനിയുടെമായി നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ മൂലം സ്വകാര്യ കമ്പനിയാകട്ടെ വൈദ്യുതി കമ്പികള്‍ മാറ്റി സ്ഥാപിക്കാന്‍ തയ്യറാകുന്നുമില്ല.

click me!