തലസ്ഥാനത്ത് വ്യാജവാറ്റും ചാരായ വിൽപനയും സജീവം; 300 ലിറ്റർ വാറ്റ് നശിപ്പിച്ചു, ഒരാള്‍ പിടിയില്‍

By Web TeamFirst Published Apr 13, 2020, 3:22 PM IST
Highlights

പിടിയിലായ ദീപു വർക്കല പോലീസ് സ്റ്റേഷനിൽ വാഹനപരിശോധന നടത്തവെ പോലീസുദ്യോഗസ്ഥനെ വണ്ടി ഇടിച്ചിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. 

തിരുവനന്തപുരം: ലോക് ഡൗൺ കാലയളവിൽ ബിവറേജുകളും ബാറുകളും അടച്ചിട്ട പശ്ചാത്തലത്തിൽ വ്യാജവാറ്റും വ്യാജചാരായ വിൽപനയും വ്യാപകമായ സാഹചര്യത്തിൽ കടയ്ക്കാവൂർ പോലീസ് നടത്തിയ റെയ്ഡിൽ 300 ലിറ്റർ വാറ്റു പിടിച്ചടുത്തു. കടയ്ക്കാവൂർ എ.കെ. നഗർ ഡീസന്റ് മുക്കിൽ റബർ എസ്റ്റേറ്റിന് സമീപം ഒഴിഞ്ഞ പുരയിടത്തിൽ നിന്നാണ് വ്യാജവാറ്റ് പിടികൂടിയത്. 

കീഴാറ്റിങ്ങൽ അംഗ്ലീമുക്കിൽ പുത്തൻ വിള കോളനിയിൽ ലക്ഷം വീട്ടിൽ ദിലീപിന്റെ മകൻ ദീപു (24)വാണ് അറസ്റ്റിലായത്. മറ്റ് രണ്ട് പ്രതികൾ ഒട്ടിരക്ഷപ്പെടു. പിടിയിലായ ദീപു വർക്കല പോലീസ് സ്റ്റേഷനിൽ വാഹനപരിശോധന നടത്തവെ പോലീസുദ്യോഗസ്ഥനെ വണ്ടി ഇടിച്ചിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. മാറ്റിയെടുക്കുന്ന ചാരായം ലിറ്ററിന് 1500 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. 

ആളൊഴിഞ്ഞ വീട്ടിൽ നാലു പാത്രങ്ങളിലായി സൂക്ഷിച്ചിരുന്ന കോടയും വാറ്റാൻ ഉപയോഗിക്കുന്ന സാമഗ്രികളുമായാണ് പിടിയിലായത്. കടയ്ക്കാവൂർ സി.ഐ. ആർ. ശിവകുമാർ, എസ്.ഐ. മാരായ വിനോദ് വിക്രമാദിത്യൻ, മാഹീൻ, നസീർ സി.പി.ഒ. ജ്യോതിഷ്, ബിനു, അരുൺ, സുജിത്ത്, ജുഗുനു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തതും, പ്രതിയെ പിടികൂടിയതും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

click me!