
കൊച്ചി: മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പച്ചാളം പുത്തൻതറ വീട്ടിൽ രോഷെല്ലെ വിവേര (38) ആണ് പിടിയിലായത്. എറണാകുളം ചാത്ത്യാത്ത് ഭാഗത്ത് നിന്ന് ആണ് ഇയാളെ മയക്കുമരുന്നുമായി പിടികൂടിയത്. ഇയാളിൽ നിന്ന് വീര്യം കൂടിയ മയക്കു മരുന്ന് വിഭാഗത്തിൽപ്പെട്ട 5.89 ഗ്രാം കൊക്കയിൻ, 5.71 ഗ്രാം എംഡിഎംഎ, 1.52 ഗ്രാം കഞ്ചാവ് ഓയിൽ എന്നിവ പിടിച്ചെടുത്തു. ആഡംബര കാറിൽ ബെംഗളൂരുവിൽ നിന്നും ലഹരി മരുന്ന് കൊച്ചിയിൽ എത്തിച്ച് വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ എന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ. അക്ബർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ എസ്. ശശിധരന്റെ നിർദേശ പ്രകാരം എറണാകുളം നോർത്ത് പൊലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ രതീഷ്.ടി.എസ്, എസ്.,സി.പി.ഒ രാജേഷ്, സുനിൽ, സിപിഒ ലിബിൻരാജ് എന്നിവരും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam