
മലപ്പുറം: എരമംഗലം കളത്തില്‍പടിയില്‍ ലഹരി ചോദിച്ച് യുവാവിന് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയില്‍. എരമംഗലം നാക്കോല സ്വദേശി അബ്ദുസ്സമദിനെയാണ് പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. എരമംഗലം കളത്തില്‍ പടി സ്വദേശി സാലിയെയാണ് പ്രതി ആക്രമിച്ചത്. സാലി കൂട്ടുകാരനില്‍ നിന്ന് ലഹരിവസ്തുവായ എം.ഡി.എം.എ വാങ്ങി നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടു. എന്നാൽ കൂട്ടുകാരന് ലഹരി കച്ചവടമില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അബ്ദുസമദ് സാലിയെ ആക്രമിച്ചത്. ആക്രമണത്തില്‍ സാലിയുടെ വലതു കണ്ണിന് താഴെയും മൂക്കിനും പരിക്കുപറ്റി.
കുന്നംകുളം, ഗുരുവായൂര്‍, പെരുമ്പടപ്പ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ അബ്ദുസ്സമദ്. പെരുമ്പടപ്പ് സി.ഐ സി.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ ഹരി, സബ്ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, എ.എസ്.ഐ അലി സാബിര്‍, സി.പി.ഒ സുജിത്ത് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.