
ബേക്കല്‍: പ്രത്യേകിച്ച് ബഹളമൊന്നുമില്ലാതെ വിഷ പാമ്പിനെ അനായാസം ശാസ്ത്രീയ രീതിയില്‍ പിടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറലാവുന്നു. കിണറ്റിന് അകത്തു നിന്നുള്ള പാമ്പിന്‍റെ വരവും ബാഗിലേക്കുള്ള കയറ്റവും കണ്ട് നല്ല പരിശീലനം ലഭിച്ച പാമ്പിനെയാണ് പിടികൂടുന്നതെന്ന സംശയമുണ്ടെന്ന രീതിയിലുള്ള കമന്‍റുകള്‍ കൊണ്ടാണ് വീഡിയോ വൈറലാവുന്നത്. നിരവധിപ്പേരാണ് ശാസ്ത്രീയ രീതികള്‍ കൃത്യമായി പിന്തുടര്‍ന്നുള്ള റെസ്ക്യൂവിന് കയ്യടിയുമായി എത്തുന്നത്. അശാസ്ത്രീയ രീതി പിന്തുടരുന്നവരുടേത് പോലുള്ള നടപടികളൊന്നുമില്ലാതെ സിംപിളായി പാമ്പിനെ പിടികൂടുന്നതിനേക്കുറിച്ച് വൈറല്‍ വീഡിയോയിലെ യുവാവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുന്നു.
വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനും പാമ്പ് പിടിക്കുന്നതിന് പരിശീലനം നല്‍കുന്നയാളുമായ സന്തോഷാണ് വീഡിയോയിലുള്ളത്. 22 വര്‍ഷത്തോളമായി പാമ്പുകളെ രക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ സജീവമായിട്ടുള്ള വ്യക്തിയാണ് സന്തോഷ്. പാമ്പുകളെ രക്ഷപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും അതിനാല്‍ തന്നെ എത്ര പാമ്പുകളെ പിടിച്ചുവെന്നതിന്‍റെ കണക്കുകള്‍ സൂക്ഷിക്കാറില്ലെന്നും സന്തോഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുന്നത്. 2013 വരെ കൈകള്‍ കൊണ്ട് തന്നെയായിരുന്നു താനും പാമ്പുകളെ പിടികൂടിയിരുന്നത് എന്നാല്‍ ഇത് ശാസ്ത്രീയ രീതിയല്ലെന്ന് മനസിലാക്കിയതോടെ ഹുക്കും ബാഗും ഉപയോഗിച്ച് പാമ്പുകളേ റസ്ക്യൂ ചെയ്യാനാരംഭിച്ചതെന്നും സന്തോഷ് പറയുന്നു. ഏകദേശം നാല് വര്‍ഷത്തിന് മുന്‍പാണ് ശാസ്ത്രീയ രീതിയിലുള്ള പാമ്പ് പിടുത്തത്തിനുള്ള പ്രോട്ടോക്കോള്‍ ഇറങ്ങിയതെന്നും സന്തോഷ് പറയുന്നു.
പാമ്പിന്‍റെ നീക്കത്തിന് അനുസരിച്ച് ബാഗും ഹുക്കും ക്രമീകരിച്ചാല്‍ ആക്രമിക്കാനോ മറ്റ് പ്രശ്നങ്ങള്‍ക്കോ നില്‍ക്കാതെ പാമ്പ് ബാഗില്‍ കയറുമെന്നാണ് ഇതുവരെയുള്ള അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സന്തോഷ് പറയുന്നത്. പാമ്പിന്‍റെ സ്വഭാവം അറിഞ്ഞാല്‍ ആര്‍ക്കും പാമ്പിനെ റെസ്ക്യൂ ചെയ്യാമെന്നും സന്തോഷ് പറയുന്നു. പാമ്പിന് മുന്നില്‍ നിന്ന് ഇളകാതെ ശാന്തമായ രീതിയില്‍ കൈകാര്യം ചെയ്താല്‍ എത്ര വിഷമുള്ള പാമ്പ് പോലും ആക്രമിക്കാന്‍ ശ്രമിക്കില്ല. പലരും പാമ്പിന് മുന്നില്‍ വെപ്രാളം കാണിക്കുന്നതാണ് പാമ്പിനെ പ്രകോപിപ്പിക്കുന്നതും പാമ്പ് ആക്രമിക്കാനും കൊത്താനും ശ്രമിക്കുന്നതിനും കാരണമാകുന്നതെന്നും സന്തോഷ് പറയുന്നു. നിലവില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പാമ്പ് പിടുത്തത്തില്‍ പരിശീലനം നല്‍കുന്നുണ്ട് സന്തോഷ്.
കേരളത്തില്‍ വിവിധ സാഹചര്യങ്ങളില്‍ കുടുങ്ങിയ പാമ്പുകളെ രക്ഷിക്കുന്ന പലരും പിന്തുടരുന്ന രീതികളേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ വ്യാപകമാണ്. ചുറ്റുമുള്ള ആളുകള്‍ക്ക് പോലും അപകടമുണ്ടായേക്കുന്ന രീതിയില്‍ കൊടിയ വിഷമുള്ള പാമ്പുകളേ പിടിക്കുന്നവരുടെ വീഡിയോകള്‍ക്ക് ഏറെ ആരാധകര്‍ ഉണ്ടാവുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഇതിനിടെ നിശബ്ദമായി പാമ്പ് പോലും അറിയാതെ റെസ്ക്യൂ നടത്തി മടങ്ങുന്നവരുമും സംസ്ഥാനത്തുണ്ട്. കിണറില്‍ കുടുങ്ങിയ ശംഖുവരയന്‍ പാമ്പിനെ രക്ഷിക്കുന്ന യുവാവിന്‍റെ വീഡിയോ ഇത്തരത്തിലാണ് വൈറലാവുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam