
കോട്ടയം: പൊലീസിന്റെ കരുതൽ കസ്റ്റഡിയിൽ ആയിരുന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ പേരിലും നവ കേരള സദസിൽ പരാതി. കോട്ടയം ചങ്ങനാശ്ശേരിയിലാണ് സംഭവം. യൂത്ത് കോൺഗ്രസ് നേതാവിനെ പരിഹസിക്കാൻ ആരെങ്കിലും അദ്ദേഹത്തിന്റെ ഫോൺ നമ്പർ ദുരുപയോഗം ചെയ്തതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ചങ്ങനാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ടോണി കുട്ടമ്പേരൂരിനെ നവകേരള സദസ്സ് നടന്ന ഡിസംബർ പതിമൂന്നാം തീയതി ഉച്ച കഴിഞ്ഞ് പോലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തു.
അന്ന് വൈകിട്ട് ചങ്ങനാശ്ശേരിയിലെ നവകേരള സദസ്സ് പൂർത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും കോട്ടയത്ത് എത്തിയതിനു ശേഷമാണ് തന്നെയും സുഹൃത്തുക്കളെയും സ്റ്റേഷനിൽ നിന്ന് പൊലീസ് വിട്ടതെന്ന് ടോണി പറയുന്നു. എന്നാൽ ഇന്നലെ ടോണിക്ക് ഫോണിൽ ഒരു എസ്എംഎസ് കിട്ടി. നവകേരള സദസ്സിൽ താങ്കൾ നൽകിയ പരാതി കോട്ടയം എഡിഎമ്മിന് കൈമാറി എന്നുള്ള എസ്എംഎസ് സന്ദേശം. നവകേരള സദസിന്റെ വേദി പോലും കണ്ടിട്ടില്ലാത്ത താൻ അവിടെ പരാതി നൽകി എന്നു പറഞ്ഞ് എത്തിയ സന്ദേശത്തിന്റെ അടിസ്ഥാനമെന്തെന്നാണ് ടോണിയുടെ ചോദ്യം. കാര്യം തിരക്കാൻ ചങ്ങനാശ്ശേരിയിലെ നവകേരള സദസ് പരാതികൾ കൈകാര്യം ചെയ്യുന്ന നോഡൽ ഓഫീസറെ ടോണി വിളിച്ചു.
ആരെങ്കിലും പരിഹസിക്കാനായി ടോണിയുടെ നമ്പർ ഉപയോഗിച്ച് കള്ള പരാതി നൽകിയത് ആകാമെന്നായിരുന്നു വിശദീകരണം. നവകേരള സദസിൽ പരാതി നൽകുന്നവരുടെ തിരിച്ചറിയിൽ രേഖകൾ വേദിയിൽ വെച്ച് പരിശോധിക്കാറില്ലെന്നും അതിനാൽ തന്നെ മറ്റുള്ളവരുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്ത് ആരെങ്കിലും ഇല്ലാത്ത പരാതി നൽകിയത് ആകാമെന്നുമുള്ള വിശദീകരണമാണ് ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസുമായും പങ്കുവെച്ചത്. ടോണിയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി വിശദമായി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam