
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി കുരിശു കവലയിലെ ഓടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് മുക്കാലി തറക്കെട്ടിമരുന്ന് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുത്തൻപുരയ്ക്കൽ ജെറിൻ ജെയിംസിൻ്റെ മൃതദേഹമാണ് പുലർച്ചെ ഒരു മണിയോടെ കുരിശു കവലയിലെ ഓടയിൽ നിന്ന് കണ്ടെത്തിയത്.
സമീപത്തെ തട്ടുകടക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം കരയ്ക്ക് കയറ്റി. മുഖത്തും ശരീരത്തിന്‍റെ പല ഭാഗങ്ങളിലും പരിക്കേറ്റു ചോര വാർന്ന നിലയിലായിരുന്നു മൃതദേഹം. അരയിൽ മദ്യക്കുപ്പിയും തിരുകിയിരുന്നു. മദ്യപിക്കുന്നതിനിടെ സമീപത്തെ കലുങ്കൽ നിന്ന് ഓടയിലേക്ക് വീണതാകാം എന്നതാണ് പൊലീസിന്‍റെ അനുമാനം. പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ അന്തിമ നിഗമനത്തിൽ എത്താൻ ആകുവെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.
എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍
കോട്ടയത്ത് എന്‍സിസി ഗ്രൂപ്പ് കമാന്‍ഡറെ ഓഫീസിനോട് ചേര്‍ന്ന സ്വകാര്യ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബ്രിഗേഡിയര്‍ എം.എന്‍.സാജനെ ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കഞ്ഞിക്കുഴിയിലെ എന്‍സിസി ഓഫിസിനോട് ചേര്‍ന്ന ഓഫീസേഴ്സ് മെസിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തി നാല് വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
രാവിലെ പത്ത് മണിയോടെ ഓഫീസിലെത്തിയ സാജന്‍ തന്‍റെ സ്വകാര്യ മുറിയിലേക്ക് പോവുകയായിരുന്നു. പതിനൊന്ന് മണിക്ക് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി ഫോണ്‍ വിളിച്ചിട്ടും എടുക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം സ്വദേശിയായ സാജന്‍ കരസേനയുടെ ഗൂര്‍ഖ റജിമെന്‍റില്‍ കമാന്‍ഡറായിരിക്കേ ഒരു വര്‍ഷം മുമ്പാണ് ഡെപ്യൂട്ടേഷനില്‍ എന്‍സിസിയില്‍ എത്തിയത്. ഭാര്യയും കോളേജ് വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍ മക്കളുമുണ്ട്. സംഭവത്തെ പറ്റി കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam