
കോട്ടക്കൽ: പ്രണയിച്ചതിന്‍റെ പേരിൽ മലപ്പുറത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരണകാരണം വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ പുതുപ്പറമ്പ് പൊറ്റയിൽ ഹൈദർ അലിയുടെ മകൻ ശാഹിർ (22)ന്റെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണ കാരണം പോലീസ് വ്യക്തമാക്കിയത്.
പെൺകുട്ടിയുമായുള്ള പ്രണയത്തെ തുടർന്ന് ഒരു സംഘം യുവാവിനെ മർദിച്ചിരുന്നു. ഇതിൽ മനംനൊന്ത യുവാവ് വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾക്ക് പരുക്കുകളില്ലെന്നും വിഷം അകത്ത് ചെന്നതാണ് മരണത്തിനിടയാക്കിയതെന്നും പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പുറത്ത് മർദനമേറ്റതിന്റെ പരുക്കുകളുണ്ട്.
നിലമ്പൂർ സ്വദേശിയായ യുവാവിന്റെ കുടുബം പുതുപ്പറമ്പിലെ ക്വാർട്ടേഴ്‌സിൽ താമസിച്ച് വരികയാണ്. ഇതിനിടെയാണ് പ്രദേശത്തെ പെൺകുട്ടിയുമായി പ്രണയത്തിലായത്. ഞായറാഴ്ച്ച രാത്രിയാണ് യുവാവിന് ഒരു സംഘം ആളുകളുടെ മർദനമേൽക്കുന്നത്. സംഭവത്തിൽ യുവാവിന്റെ പിതാവ് നൽകിയ പരാതിയിൽ പോലീസ് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു. ഇതിൽ നാല് പേർ പോലീസ് കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന. പത്ത് പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. ഉടനെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam