'ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കും'; ദുബായ് ഡ്യൂട്ടി ഫ്രീയുടെ 7.5കോടി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാളിന്

By Web TeamFirst Published Jul 16, 2020, 4:40 PM IST
Highlights

1999ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചതുമുതല്‍ സമ്മാനം ലഭിക്കുന്ന 165-ാമത്തെ ഇന്ത്യക്കാരിയാണ് മാലതി. 

ദുബൈ: കൊവിഡ് എന്ന മഹാമാരിക്കിടെ അപ്രതീക്ഷിതമായി കോടിപതിയായ സന്തോഷത്തിലാണ് അജ്മാനിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മാലതി ദാസ്. കഴിഞ്ഞ ദിവസം നറുക്കെടുത്ത ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെയാണ് മാലതിയെ തേടി ഭാഗ്യം എത്തിയത്. 0297 എന്ന നമ്പറിലൂടെ 7.5 കോടിയിലേറെ രൂപയാണ് (10 ലക്ഷം ഡോളർ) ഇവർക്ക് സ്വന്തമായത്. ബുധനാഴ്ച ദുബൈ വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.

അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പാളാണ് മാലതി ദാസ്. തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയതിന്റെ സന്തോഷത്തിനിടെ ലഭിച്ച സമ്മാനം ഇരട്ടിമധുരം പകരുന്നതായി മാലതി ദാസ് പറഞ്ഞു. കഴിഞ്ഞ 32 വർഷമായി യുഎഇയില്‍ പ്രവാസിയായ മാലതി ജൂൺ 26ന് ഓൺലൈനിലൂടെയാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റെടുത്തത്. 

ഇതാദ്യമായല്ല മാലതി ഭാ​ഗ്യ പരീക്ഷണം നടത്തുന്നത്. നാട്ടിലേയ്ക്ക് പോകുമ്പോൾ വിമാനത്താവളത്തിൽ നിന്ന് പതിവായി ഇവർ ടിക്കറ്റെടുക്കാറുണ്ടെങ്കിലും ആദ്യമായാണ് ഭാഗ്യം ലഭിക്കുന്നത്. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിക്കുന്നതായും ഇനിയും ടിക്കറ്റുകളെടുക്കുമെന്നും മാലതി പറഞ്ഞു. വലിയ അനുഗ്രഹമാണ് ഉണ്ടായത്. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ആവശ്യമുള്ള പണമെടുത്ത് ബാക്കിയുള്ളവ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനമെന്നും മാലതി അറിയിച്ചു.

നാഗ്പൂരിൽ സ്ഥിരതാമസമാക്കിയ മാലതി ദാസ് നേരത്തെ ഷാർജ ഇന്ത്യൻ സ്കൂളിൽ ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ചിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. മകൾ അജ്മാൻ ഇന്ത്യൻ സ്കൂളിൽ തന്നെ ഓപ്പറേഷൻ മാനേജറാണ്.1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചതുമുതല്‍ സമ്മാനം ലഭിക്കുന്ന 165-ാമത്തെ ഇന്ത്യക്കാരിയാണ് മാലതി. 

മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിലേക്കുള്ള ഏറ്റവുമധികം ടിക്കറ്റുകളെടുക്കുന്നതും ഇന്ത്യക്കാര്‍ തന്നെയാണ്. ദുബൈ ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലും ഒരു ഇന്ത്യക്കാരന്‍ വിജയിയായി. ഷാര്‍ജയില്‍ താമസിക്കുന്ന 34കാരനായ കൃണാള്‍ മിതാനിയാണ് ആഢംബര ബൈക്ക് സ്വന്തമാക്കിയത്. എട്ട് വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന അദ്ദേഹം ദുബായിലെ ഒരു ഷിപ്പിങ് കമ്പനിയുടെ ഐടി മാനേജരായി ജോലി ചെയ്യുകയാണ്. 

click me!