കാത്തുകാത്തിരുന്ന ക്രിസ്മസ് ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്

തിരുവനന്തപുരം: കാത്തുകാത്തിരുന്ന ക്രിസ്മസ് ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പ് ഫലം പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 20 കോടിയുടെ മഹാഭാഗ്യം XC 138455 എന്ന നമ്പറിനാണ്. എന്നാൽ സർക്കാർ ഖജനാവിനാണ് ക്രിസ്മസ് ന്യൂ ഇയർ ബമ്പറടിച്ചതെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. കാരണം കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 രൂപ മുടക്കി ടിക്കറ്റെടുത്തത് 54,08,880 ലക്ഷം പേരാണ്. ഇതിലൂടെ 216 കോടിയിൽ (216 3,552,000) അധികമാണ് സംസ്ഥാന സർക്കാരിന് വിറ്റുവരവ്. ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് എത്തുക.

2025 നെ അപേക്ഷിച്ച് മികച്ച വിറ്റുവരവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. 2025 ല്‍ അൻപത് ലക്ഷം ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ടിക്കറ്റുകളാണ് സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്. ഇതിൽ 47,65,650 ടിക്കറ്റുകളും വിറ്റുപോയിരുന്നു. ഒരു ടിക്കറ്റ് വില 400 രൂപയായിരുന്നു വില. ഇതിലൂടെ 190 കോടിയിലധികമാണ് അന്ന് സംസ്ഥാന സർക്കാരിന് വിറ്റുവരവ് ലഭിച്ചത്.

ആരാണ് ആ ഭാഗ്യവാൻ?

XC 138455 എന്ന നമ്പറാണ് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. സുദീപ് എ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് സുദീപ്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍റിന് അടുത്തുള്ള കടയിൽ വിറ്റ ടിക്കറ്റാണ് സമ്മാനാർഹമായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്‍റർ എന്ന കടയിലാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

കിട്ടുന്നതെത്ര?

ഒന്നാം സമ്മാനാർഹന് 20 കോടി രൂപയാണ് ലഭിക്കുന്നതെങ്കിലും ആ തുക മുഴുവനായും അയാൾക്ക് ലഭിക്കില്ല. സമ്മാനത്തുകയിൽ നിന്നും ആദ്യം മാറ്റിവയ്ക്കുന്നത് ഏജന്റ് കമ്മീഷനാണ്. പത്ത് ശതമാനം ആണ് ഏജന്റ് കമ്മീഷൻ. 20 കോടിയിൽ 2 കോടി രൂപ ആ ഇനത്തിൽ പോകും. ബാക്കി തുകയുടെ 30 ശതമാനമാണ് ടിഡിഎസ് അടയ്ക്കേണ്ടത്. അതായത് ഏജന്റ് കമ്മീഷൻ കഴിഞ്ഞുള്ള 18 കോടിയുടെ 30 ശതമാനം. ഈ പിടുത്തം കഴിഞ്ഞാൽ ബാക്കി 12.6 കോടി രൂപയാണ് ഭാ​ഗ്യശാലിക്ക് ലഭിക്കുക. അന്തിമ കണക്കില്‍ മാറ്റങ്ങളുണ്ടായേക്കാം.

YouTube video player