ലോട്ടറിയടിച്ചെന്ന് കേട്ടപ്പോൾ ആദ്യം സന്തോഷം, പിന്നെ പേടി; ഒടുവിൽ പൊലീസ് സ്റ്റേഷനിൽ അഭയം തേടി ഭാ​ഗ്യവാൻ

By Web TeamFirst Published Feb 1, 2021, 3:50 PM IST
Highlights

22 ടിക്കറ്റുകൾ എടുത്തതിൽ ഒന്നിലൂടെ ഭാഗ്യം മുഹമ്മദിനെ തേടി എത്തുകയായിരുന്നു. 

കോഴിക്കോട്: ബിഹാർ സ്വദേശിയ്ക്ക് ലോട്ടറി അടിച്ചപ്പോൾ ആദ്യം സന്തോഷം, പിന്നെ പേടി. തുടർന്ന് പൊലീസ് സ്റ്റേഷനിൽ അഭയം തേടി ഈ ഭാ​ഗ്യവാൻ. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ബിഹാർ സ്വദേശിയായ മുഹമ്മദ് സായിദിന്(41) ലഭിച്ചത്. 

തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലോ എന്ന ഭയത്തിൽ സുഹൃത്തുക്കൾക്കൊപ്പം മുഹമ്മദ് കൊയിലാണ്ടി പൊലീസിൽ അഭയം തേടുകയായിരുന്നു. സമ്മാനത്തിന് അർഹമായ KB 586838 എന്ന നമ്പർ ടിക്കറ്റുമായാണ് മുഹമ്മദ് കൂട്ടുകാരായ ആസാദുൽ, മാനിറുൽ എന്നിവരുമായി ഞായറാഴ്ച പുലർച്ചെ കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്.

കൊയിലാണ്ടി കൊല്ലത്ത് നിന്നായിരുന്നു ഇയാൾ ടിക്കറ്റെടുത്തത്. 22 ടിക്കറ്റുകൾ എടുത്തതിൽ ഒന്നിലൂടെ ഭാഗ്യം മുഹമ്മദിനെ തേടി എത്തുകയായിരുന്നു. നന്തി ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന സായിദ് കൊല്ലത്തെ ഒരു സിമൻ്റ് കടയിൽ ജോലി ചെയ്തു വരുകയായിരുന്നു. 12 വർഷം മുമ്പാണ് ഇയാൾ കേരളത്തിലെത്തിയത്.

ഞായറാഴ്ച ബാങ്ക് അവധി ദിവസമായതും വിവരമറിഞ്ഞ് ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ഭയവും കാരണമാണ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയതെന് മുഹമ്മദ് സായിദ് പറയുന്നു. എസ്ഐ ബാബുരാജിൻ്റെ നേതൃത്വത്തിലാണ് സായിദിൻ്റെ ആശങ്കകൾക്ക് പരിഹാരം കണ്ടത്.

click me!