Lottery Winner : ഓട്ടോ ഡ്രൈവർക്ക് സമ്മാനപ്പെരുമഴ; 80 ലക്ഷത്തിനൊപ്പം നാല് ടിക്കറ്റിന് 8000 രൂപ വീതം

By Web TeamFirst Published Feb 9, 2022, 4:25 PM IST
Highlights

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഓടുമേഞ്ഞ ഹുസൈന്റെ വീടിന്റെ മുൻഭാഗം മഴയിൽ ഇടിഞ്ഞുവീണിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ താത്കാലിക പണികളും ചെയ്തു. 

എറണാകുളം: ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ(karunya lottery) ഒന്നാം സമ്മാനം ഓട്ടോ ഡ്രൈവർക്ക്. കോതമംഗലം കുട്ടംപുഴ സ്വദേശിയായ ടി.ആർ. ഹുസൈനെ തേടിയാണ് 80 ലക്ഷത്തിന്റെ ഭാ​ഗ്യം എത്തിയത്. ഒന്നാം സമ്മാനത്തിനൊപ്പം 8,000 രൂപ വീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളും ഹുസൈന് തന്നെ ലഭിച്ചു. 

പി.ഡബ്ല്യു. 749886 നമ്പർ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം. കുട്ടംപുഴ പ്ലാത്തിക്കാട് രാജനിൽ നിന്ന് വാങ്ങിയ ഭാഗ്യക്കുറികളാണ് സമ്മാനാർഹമായത്. വല്ലപ്പോഴും ലോട്ടറി എടുക്കുന്നയാഴാണ് നാല്പത്തി രണ്ടുകാരനായ ഹുസൈൻ. പ്രായമായ മാതാപിതാക്കളടക്കമുള്ള ആറം​ഗ കുടുംബത്തിന്റെ ഏക അത്താണിയാണ് ഹുസൈൻ. ഓട്ടോ മാത്രമാണ് ഇദ്ദേഹത്തിന്റെ ഏക വരുമാന മാർ​ഗം. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഓടുമേഞ്ഞ ഹുസൈന്റെ വീടിന്റെ മുൻഭാഗം മഴയിൽ ഇടിഞ്ഞുവീണിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ താത്കാലിക പണികളും ചെയ്തു. ഈ സംഭവം നടന്ന് നാല് മാസത്തിനു ശേഷമാണ് ഹുസൈനെ തേടി ഭാ​ഗ്യമെത്തിയിരിക്കുന്നത്. കടങ്ങൾ തീർത്ത് പുതിയൊരു വീടുവയ്ക്കണമെന്നതാണ് തന്റെ സ്വപ്നമെന്ന് ഹുസൈൻ പറയുന്നു. 

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് കാരുണ്യ. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

click me!