'ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമായി'; ദുബായ് ഡ്യൂട്ടി ഫ്രീയുടെ 7.5 കോടി സുഹൃത്തുക്കൾക്ക് സ്വന്തം

By Web TeamFirst Published Aug 13, 2020, 8:31 AM IST
Highlights

ബുദ്ധിമുട്ടേറിയ സമയത്ത് ഈ പണം വലിയൊരു സഹായമാണ്. കടം തീര്‍ക്കാനും തങ്ങളെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമാവുകയും ചെയ്യുമെന്നും രാഹുൽ പറഞ്ഞു.

ദുബായ്: കൊവിഡ് മഹാമാരിക്കിടെ അപ്രതീക്ഷിതമായി കോടിപതിയായ സന്തോഷത്തിലാണ് നാഗ്‍പൂര്‍ സ്വദേശി രാഹുല്‍. കഴിഞ്ഞദിവസം നറുക്കെടുത്ത 336-ാം സീരീസിലെ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെയാണ് രാഹുലിനെയും  കൂട്ടുകാരെയും തേടി ഭാ​ഗ്യം എത്തിയത്. 0226  എന്ന നമ്പറിലൂടെ 7.5 കോടിയിലേറെ രൂപയാണ് (10 ലക്ഷം ഡോളർ) ഇവർക്ക് സ്വന്തമായത്. ഒരു നേപ്പാള്‍ സ്വദേശിയും പത്ത് ഇന്ത്യക്കാരും അടക്കമുള്ള സുഹൃത്തുക്കള്‍ ചേര്‍ന്നായിരുന്നു ടിക്കറ്റിനുള്ള പണം കണ്ടെത്തിയത്. 

കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സുഹൃത്തുക്കള്‍ പതിവായി ടിക്കറ്റെടുക്കാറുണ്ട്. ഓരോ തവണയും ഓരോരുത്തരുടെ പേരിലായിരുന്നു ടിക്കറ്റെടുത്തിരുന്നത്. ജൂലൈ മാസത്തിലാണ് ഓണ്‍ലൈന്‍ വഴി സുഹൃത്തുക്കൾ സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. കഴിഞ്ഞ അഞ്ച് വർഷമായി ദുബായില്‍ താമസിക്കുന്ന രാഹുല്‍ ജബല്‍ അലി ഫ്രീ സോണിലാണ് ജോലി ചെയ്യുന്നത്. സമ്മാനം ലഭിച്ചെന്ന് അറിയിച്ചുകൊണ്ടുള്ള അധികൃതരുടെ കോള്‍ വന്നപ്പോൾ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് രാഹുൽ പറയുന്നു. 

“ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമായി. രണ്ടുവർഷത്തിലേറെയായി, ഞാനും എന്റെ ചങ്ങാതിമാരും ഡ്യൂട്ടിഫ്രീയിലും മറ്റ് നറുക്കെടുപ്പുകളിലും പണം നിക്ഷേപിക്കുന്നു. എല്ലാ മാസവും ഇതിനായി ഞങ്ങൾ പണം നീക്കിവയ്ക്കും. ഞങ്ങൾക്ക് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റ് ഉണ്ട്,  ടിക്കറ്റ് വാങ്ങേണ്ടത് ആരാണെന്ന് അതിലാണ് തീരുമാനിക്കുക. ഇത്തവണ എന്റെ ഊഴമായിരുന്നു“, രാഹുൽ പറയുന്നു.

ബുദ്ധിമുട്ടേറിയ സമയത്ത് ഈ പണം വലിയൊരു സഹായമാണ്. കടം തീര്‍ക്കാനും തങ്ങളെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമാവുകയും ചെയ്യുമെന്നും രാഹുൽ പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 166-ാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍. വിജയികളായ 11 പേരും ചേര്‍ന്ന് 10 ലക്ഷം ഡോളര്‍  വീതിച്ചെടുക്കും.

click me!