ഊണ് കഴിക്കാൻ പോകുന്ന വഴി ടിക്കറ്റെടുത്തു; ഒടുവിൽ ഒരു കോടിയുടെ ഭാ​ഗ്യം അമലിന് സ്വന്തം

Nithya G Robinson   | Asianet News
Published : Feb 12, 2020, 10:59 AM ISTUpdated : Feb 12, 2020, 01:46 PM IST
ഊണ് കഴിക്കാൻ പോകുന്ന വഴി ടിക്കറ്റെടുത്തു; ഒടുവിൽ ഒരു കോടിയുടെ ഭാ​ഗ്യം അമലിന് സ്വന്തം

Synopsis

ഇടയ്ക്ക് ലോട്ടറി എടുക്കാറുണ്ടെങ്കിലും ടിക്കറ്റുകൾ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക നിബന്ധനകൾ ഒന്നും തന്നെ അമലിനില്ല. കയ്യിൽ കാശുണ്ടെങ്കിൽ ഈ ഇരുപത്തൊന്നുകാരൻ ലോട്ടറി എടുത്തിരിക്കും. 

ലോട്ടറിക്കാരന്റെ പക്കൽ ആകെ ഉണ്ടായിരുന്ന രണ്ട് ലോട്ടറി ടിക്കറ്റുകൾ എടുത്തപ്പോൾ അമൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഭാഗ്യദേവതയുടെ കടാക്ഷം തന്നെ തേടി എത്തുമെന്ന്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിലൂടെയാണ് ഈ കണ്ണൂർക്കാരന് ഭാ​ഗ്യം കൈവന്നത്. കെഎ 478912 എന്ന നമ്പറാണ് ഒരു കോടിയുടെ ഭാ​ഗ്യം അമലിന് നേടികൊടുത്തത്.

പയ്യാവൂർ കുന്നത്തൂർപാടിയിലെ ചെരുവുകാലായിൽ വർ​ഗീസ്-ലൈസ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അമൽ. വല്ലപ്പോഴുമൊക്കെ ലോട്ടറി എടുക്കാറുള്ള തനിക്ക് ഒരുകോടി ലഭിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് അമൽ പറയുന്നു. എറണാകുളത്തെ കാക്കനാടെന്നാണ് അമൽ ഭാഗ്യക്കുറി എടുത്തത്. 

പ്ലസ് ടു പഠനത്തിന് ശേഷം ഐടിഐ കഴിഞ്ഞ അമൽ ഇപ്പോൾ, എറണാകുളത്തെ കൈരളി ബേക്കറിയിൽ ജോലി ചെയ്യുകയാണ്. ഇതിന് മുമ്പ് തിരുവനന്തപുരത്തെ ഒരു കമ്പനിയിൽ അമൽ ജോലി ചെയ്തിരുന്നു. ഇടയ്ക്ക് ലോട്ടറി എടുക്കാറുണ്ടെങ്കിലും ടിക്കറ്റുകൾ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക നിബന്ധനകൾ ഒന്നും തന്നെ അമലിനില്ല. കയ്യിൽ കാശുണ്ടെങ്കിൽ ഈ ഇരുപത്തൊന്നുകാരൻ ലോട്ടറി എടുത്തിരിക്കും. 

ലോട്ടറി എടുക്കുമ്പോൾ വീട്ടുകാർ വഴക്കുപറയുമായിരുന്നുവെന്ന് അമൽ പറയുന്നു." വല്ലപ്പോഴും ലോട്ടറി എടുത്താലും വീട്ടുകാർ വഴക്ക് പറയും. ഭാ​ഗ്യം തുണച്ചെന്ന് അറിഞ്ഞപ്പോൾ അവർക്ക് ഒത്തിരി സന്തോഷമായി. ഒരു കോടി അടിച്ചതെന്ന് കേട്ടപ്പോൾ വിശ്വാസമായില്ല. ആദ്യം പറഞ്ഞത് ബേക്കറി മുതലാളിയോടാണ്. അദ്ദേഹം ഉടൻ തന്നെ കടയിലിരിക്കാനും പുറത്തേക്കിറങ്ങണ്ടെന്നും പറഞ്ഞു. പിന്നെ നാട്ടിലേക്ക് വിളിച്ചു പറഞ്ഞു. പറ്റിക്കാൻ പറയുവാണോ എന്നാണ് അച്ഛൻ ആദ്യം ചോദിച്ചത്. കൂട്ടുകാരും സന്തോഷത്തിലാണ്. പക്ഷേ ഇനി ഞാൻ ലോട്ടറി എടുക്കില്ല,"അമൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

നറുക്കെടുപ്പിന് തലേദിവസം ഉച്ചയ്ക്ക് ഊണ് കഴിക്കാൻ പോകുന്ന വഴിയാണ് രണ്ട് ലോട്ടറികളുമായി കച്ചവടക്കാരൻ അമലിന്റെ അടുത്ത് എത്തിയത്. ആ രണ്ട് ടിക്കറ്റുകളും വാങ്ങിയ അമൽ, അതിലൊന്ന് ഒപ്പമുണ്ടായിരുന്ന ബം​ഗാൾ സ്വദേശിക്ക് കൊടുത്തു. ഇയാൾക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ചിട്ടുണ്ട്. ഭാ​ഗ്യം തുണച്ചുവെന്ന് ലോട്ടറിക്കാരനാണ് അമലിനെ അറിയിച്ചത്.

സ്വന്തമായി ഒരു വീടും സ്ഥലവും വാങ്ങണമെന്നും തുടർന്ന് പഠിക്കണമെന്നുമാണ് അമലിന്റെ ആ​ഗ്രഹം. അച്ഛൻ വർ​ഗീസ് വാട്ടർ അതോറിറ്റിയിലെ ജീവനക്കാരനാണ്. അമലിന് ഒരു ചേച്ചിയും അനുജത്തിയും ഉണ്ട്. ചേച്ചി വിവാഹിതയാണ്. അനുജത്തി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനിയാണ്. സമ്മാനാർഹമായ ടിക്കറ്റ് പയ്യാവൂർ സഹകരണ ബാങ്കിൽ ഏൽപ്പിച്ചു.

PREV
click me!

Recommended Stories

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; ടി ഐ മധുസൂദനന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെ സിപിഎം അക്രമം
കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ, 216 കോടി വിറ്റുവരവ്; കഴിഞ്ഞ വർഷത്തേക്കാൾ 26 കോടി അധികം