
ഭാഗ്യം അങ്ങനെയാണ്, നിനച്ചിരിക്കാതെ വന്നങ്ങ് സർപ്രൈസ് തരും. അത്തരത്തിൽ ലോട്ടറികളിലൂടെ ഭാഗ്യം തേടി എത്തിയ ഒട്ടനവധി പേരുണ്ട്. പ്രത്യേകിച്ച് കേരള ലോട്ടറിയിൽ. അത്തരത്തിലൊരു വലിയ ഭാഗ്യ പരീക്ഷണത്തിന്റെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പാണിത്. 25 കോടി രൂപ ഒന്നാം സമ്മാനം അടിച്ച TH 577825 എന്ന നമ്പർ ടിക്കറ്റ് വിറ്റത് എറണാകുളം നെട്ടൂരിലുള്ള ലതീഷ് എന്ന ഏജന്റ് ആണ്. ആരാകും ആ ഭാഗ്യശാലി എന്നറിയാൻ ഏജന്‍റിനൊപ്പം മലയാളക്കരയും കാത്തിരിക്കുകയാണ്.
തിരുവോണം ബമ്പറിന്റെ 25 കോടിക്കാരൻ കാണാമറയത്താണെങ്കിലും മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ച സന്തോഷത്തിലാണ് കോട്ടയത്തെ അഞ്ച് സ്ത്രീകൾ. പാതിവഴിയിൽ വീട് നിർമ്മാണം മുടങ്ങിയ സ്ത്രീകൾക്ക് ആശ്വാസമായാണ് ബമ്പറിന്റെ മൂന്നാം സമ്മാനം എത്തിയത്. കോട്ടയം പൂഞ്ഞാർ തെക്കേക്കരയിലെ സൂര്യ എന്ന അയൽക്കൂട്ടത്തിലെ അഞ്ച് പേരാണിത്. സാലി സാബു, രമ്യ അനൂപ്, ഉഷ മോഹിനി, ഉഷ സാബു, സൗമ്യ എന്നിവരാണ് ആ ഭാഗ്യശാലികൾ.
"ഞങ്ങൾ അഞ്ച് പേരും കൂടി ടിക്കറ്റെടുക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. 100 രൂപ വച്ച് പിരിവെടുത്ത് എന്റെ കയ്യിൽ പൈസ തന്നു. പൂഞ്ഞാറിൽ നിന്നു തന്നെയാണ് ടിക്കറ്റെടുത്തത്. നല്ലൊരു ടിക്കറ്റ് തരണമെന്നാണ് കച്ചവടക്കാരനോട് പറഞ്ഞത്. ഒടുവിൽ ഭാഗ്യം തേടി എത്തി", എന്ന് ഉഷ മോഹിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
"സന്തോഷം തോന്നുണ്ട്. ദൈവാനുഗ്രഹം ഞങ്ങൾക്കൊപ്പം ഉണ്ട്. എന്റെയും ചേച്ചിയുടെയും(സൗമ്യ) വീട് ആണ് പണി കഴിയാനുള്ളത്. അടുക്കളയുടെ പണി നടക്കുകയാണ്. പൈസ ഇല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ ഭാഗ്യം ഞങ്ങളുടെ കൈയ്യിൽ വന്നത്. ദൈവാനുഗ്രഹം അല്ലാതെ എന്ത് പറയാനാണ്. ഒരു സമ്മാനവും കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല", എന്ന് രമ്യ അനൂപും പറയുന്നു. മറ്റുള്ളവരും നിനച്ചിരിക്കാതെ വന്നുചേർന്ന സൗഭാഗ്യത്തിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ്.
17 പേരാണ് സൂര്യ അയൽക്കൂട്ടത്തിലുള്ളത്. സാലി സാബു, രമ്യ അനൂപ്, ഉഷ മോഹിനി, ഉഷ സാബു, സൗമ്യക്കും ലോട്ടറി അടിച്ചത് മറ്റുള്ളവർക്കും ഏറെ സന്തോഷമായെന്ന് ഇവർ പറയുന്നു. അഞ്ച് പേര് വീതം മുൻപും ലോട്ടറി എടുക്കുമായിരുന്നുവെന്നും ഇവർ പറയുന്നുണ്ട്. എന്തായാലും കടങ്ങൾ വീട്ടണമെന്നും വീട് പണി പൂർത്തിയാക്കണമെന്നുമാണ് നിലവിലെ ഇവരുടെ ആഗ്രഹങ്ങൾ. തിരുവോണം ബമ്പറിന്റെ മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കാണ് ലഭിക്കുക.