ഒരുകോടി ലോട്ടറി അടിച്ചിട്ടും ജീവിതം കര കേറിയില്ല, ഒടുവില്‍ ഭാഗ്യം വിറ്റ് രാമകൃഷ്ണന്‍

By Web TeamFirst Published Oct 14, 2022, 3:48 PM IST
Highlights

2014ലെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ഈ എഴുപത്തിരണ്ടുകാരനെ തേടിവന്നത്.

മലപ്പുറം: എട്ട് വർഷം മുമ്പത്തെ ഒരു പുലരി. എടക്കര സ്വദേശിയായ രാമകൃഷ്ണന് തന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസമായിരുന്നു അത്. ഭാഗ്യലക്ഷ്മിയുടെ രൂപത്തിൽ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് ഇദ്ദേഹത്തിനായിരുന്നു. എന്നാൽ ആ ഒറ്റ ടിക്കറ്റ് കൊണ്ട് ജീവിതം മാറ്റിമറിക്കാൻ ഇദ്ദേഹത്തിനായില്ല. തെരുവിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിതം മുന്നോട്ട്‌ കൊണ്ടു പോകുകയാണ് ഇദ്ദേഹം ഇപ്പോള്‍. 

2014ലെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ഈ എഴുപത്തിരണ്ടുകാരനെ തേടിവന്നത്. എന്നാൽ എട്ട് വർഷം പിന്നിടുമ്പോൾ ഉപജീവന മാർഗം കണ്ടെത്താൻ വേണ്ടി ലോട്ടറി ടിക്കറ്റ് വിറ്റു നടക്കുകയാണ്. ലോട്ടറിയടിച്ച് അപ്രതീക്ഷിതമായി പണം കൈവന്ന ഒരുവന്റെ ധൂർത്തോ അത്യാർഭാടങ്ങളോ അല്ല രാമകൃഷ്ണനെ വീണ്ടും ജീവിത മാർഗം തേടി തെരുവിലിറക്കിയത്. പണം മുഴുവൻ കുടുംബത്തിനു വേണ്ടിയും സ്വന്തം ചികിത്സയ്ക്കായും ചെലവഴിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ ഇത്രയും വലിയ തുക ലോട്ടറിയടിക്കുന്ന ആദ്യത്തെയാൾ രാമകൃഷ്ണനാണ്. നികുതിയും മറ്റും കിഴിച്ച് 63 ലക്ഷം അന്ന് കയ്യിൽ കിട്ടി. പൊളിഞ്ഞുവീഴാറായ വീട് പുതുക്കിപ്പണിതു. രണ്ടു മക്കളെ സഹായിച്ചു. നല്ലൊരു തുക ബാങ്കിൽ നിക്ഷേപിച്ചു. മുസല്യാരങ്ങാടിയിൽ നേരത്തേയുണ്ടായിരുന്ന ചായക്കട ലോട്ടറിയടിച്ചതിനു ശേഷവും നടത്തിപ്പോന്നിരുന്നു രാമകൃഷ്ണൻ. ലോട്ടറിയടിക്കുന്നതിനു മുൻപേ സംഭവിച്ച വാഹനാപകടത്തെത്തുടർന്നു ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ ചികിത്സയ്ക്കായി കുറെ പണം ചെലവായി.

ടിക്കറ്റ് എടുത്തത് ഉച്ചക്ക്, ഒപ്പം ജപ്തി നോട്ടീസും; ഒടുവിൽ മീൻ വിൽപ്പനക്കാരന് 70 ലക്ഷം

ഒരു വർഷം മുൻപ് ചായക്കടയും നിർത്തിയതോടെ വരുമാനം നിലച്ചു. ഇതോടെയാണ്, 7 മാസമായി ലോട്ടറി ടിക്കറ്റ് വിൽപന തുടങ്ങിയത്. ചെറുതെങ്കിലും സ്ഥിര വരുമാനം കച്ചവടത്തിൽ നിന്നും ലഭിക്കുന്നുണ്ട്. ഒരു കോടി ലോട്ടറിയടിച്ച തന്റെ അക്കൗണ്ടിലെ ഇപ്പോഴത്തെ 'ബാലൻസ്' പറയാനും രാമകൃഷ്ണനു മടിയില്ല; 6000 രൂപ മാത്രം. വിൽപന നടത്തി ബാക്കിവരുന്ന ടിക്കറ്റിലൂടെ ഒരിക്കൽക്കൂടി ഭാഗ്യദേവത കടാക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ രാമകൃഷ്ണൻ. ലോട്ടറി നറുക്കെടുപ്പ് പോലെ ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ഒരു ജീവിതമാണ് ഈ എടക്കര സ്വദേശിയുടേത്. 

click me!