'ജീവിക്കാൻ അനുവദിക്കില്ല, എന്നെയും മക്കളെയും കൊല്ലുമെന്ന് ഭീഷണി': കഴിഞ്ഞ വർഷത്തെ കോടീശ്വരന്‍ പറയുന്നു

By Nithya RobinsonFirst Published Sep 18, 2022, 3:42 PM IST
Highlights

കോടീശ്വരൻ ആയെങ്കിലും ഭാഗ്യാന്വേഷണം ജയപാലൻ നിർത്തിയിട്ടില്ല. ഇപ്പോഴും അദ്ദേഹം പതിവ് പോലെ ടിക്കറ്റുകൾ എടുക്കുന്നുണ്ട്.

ഴിഞ്ഞ വർഷം ഇതേസമയം ലോട്ടറി അടിച്ച 5000 രൂപ മാറ്റിയെടുക്കാൻ പോയപ്പോഴാണ് ഭാഗ്യദേവതയുടെ ഇടപെടല്‍ ജയപാലനെ തേടി എത്തുന്നത്. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ജയപാലൻ അന്നും പ്രതീക്ഷകളോടെ ടിക്കറ്റ് എടുക്കുകയായിരുന്നു. വർഷങ്ങളായി ടിക്കറ്റെടുക്കുന്ന ജയപാലനെ ഒടുവിൽ ഭാഗ്യദേവത തുണച്ചു.  2021ലെ തിരുവോണം ബംപറിന്റെ 12 കോടിയാണ്  ഈ തൃപ്പുണ്ണിത്തുറ മരട് സ്വദേശിയെ തേടിയെത്തിയത്. 32 വർ‌ഷത്തിൽ കൂടുതലായി ജയപാലൻ ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട്. അന്ന് മുതൽ സ്ഥിരമായി രണ്ടും മൂന്നും ടിക്കറ്റുകൾ വീതം എടുക്കുന്ന ആളാണ് ജയപാലൻ. കോടീശ്വരനായെങ്കിലും ഇന്നും ഓട്ടോ ഓടിച്ചാണ് ജയപാലൻ കുടുംബത്തെ നോക്കുന്നത്. ഈ വർഷത്തെ തിരുവോണം ബംപർ സമ്മാനം പ്രഖ്യാപിച്ചിരിക്കെ, എങ്ങനെയാണ് തനിക്ക് ഭാഗ്യം കൈവന്നതെന്നും പിന്നീടുള്ള തന്റെ ജീവിതത്തെ പറ്റിയും ജയപാലൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ് തുറക്കുകയാണ്.

"ബംപർ ടിക്കറ്റ് എടുക്കുന്നതിന് മുൻപ് എനിക്കൊരു 5000 രൂപ ലോട്ടറി അടിച്ചിരുന്നു. ഈ ടിക്കറ്റ് മാറാനായി തൃപ്പുണ്ണിത്തുറയിൽ പോയതായിരുന്നു ഞാൻ. ഒരു കടയിൽ കയറിയപ്പോൾ 5000 രൂപയ്ക്ക് കമ്മീഷൻ വേണമെന്ന് പറഞ്ഞു. അത് പറ്റില്ലെന്ന് പറഞ്ഞ് അവരോട് തർക്കിച്ച് മീനാക്ഷി ലോട്ടറീസിൽ കയറി. അവിടെ വച്ചാണ് ഈ നമ്പർ കാണുന്നത്. ആ ടിക്കറ്റും നാല് ചെറിയ ടിക്കറ്റും എടുത്ത് ബാലൻസും വാങ്ങി. ഏതെങ്കിലുമൊരു സമ്മാനം പ്രതീക്ഷിച്ചാണ് ടിക്കറ്റെടുത്തത്. എന്റെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ടൊരു കേസ് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി അന്ന് മൂന്ന് മണിക്ക് വക്കീലിനടുത്ത് വക്കാലത്ത് ഒപ്പിടാൻ പോയി. ബാക്കി കാശ് അവിടെ കൊടുത്തു. ഏഴ് മണിക്കാണ് ഞാൻ വീട്ടിൽ വരുന്നത്. വാർത്ത വച്ചപ്പോൾ ലോട്ടറി നമ്പറാണ് കാണുന്നത്. ഒരു സംശയം തോന്നി ടിക്കറ്റ് നോക്കിയപ്പോൾ സംഗതി ഉള്ളതാണെന്ന് മനസ്സിലായി. ആ സമയത്ത് എന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയോട് എനിക്ക് ലോട്ടറി അടിച്ചെന്ന് പറഞ്ഞു. വേറെ ആരോടും പറഞ്ഞില്ല. ഭാര്യയും മകനും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എത്തിയപ്പോഴാണ് കാര്യം അറിയുന്നത്. പതിനൊന്ന് മണിക്ക് മുമ്പ് ബാങ്കിൽ കൊണ്ട് പോയി ടിക്കറ്റ് ഹാജരാക്കി. ആ സമയത്ത് സെയ്തലവി ഒന്നും രംഗത്തില്ല. ഊണ് കഴിക്കാൻ വീട്ടിൽ വന്നപ്പോഴാണ് സെയ്തലവിയുടെ വാർത്ത ടിവിയിൽ കണ്ടത്. പിന്നീട് വൈകുന്നേരം എല്ലാവരേയും അറിയിക്കുക ആയിരുന്നു", എന്ന് ജയപാലൻ പറയുന്നു.

"35 ദിവസത്തിനുള്ളിൽ എനിക്ക് ലോട്ടറിയുടെ സമ്മാനം കിട്ടി. 7 കോടി നാല്പത്തി നാലര ലക്ഷം രൂപയാണ് കിട്ടിയത്. അതിൽ നിന്നും 1 കോടി 45 ലക്ഷം എനിക്ക് അടുത്തിടെ ടാക്സ് അടക്കേണ്ടി വന്നു. ഞാൻ ഇന്നും പഴയത് പോലെയാണ് ഒരുമാറ്റവും ഇല്ല. ഓട്ടോ ഓടിച്ച് തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. എല്ലാവർക്കും ദിവസങ്ങൾ മാറുന്നത് അനുസരിച്ച് മാറ്റങ്ങൾ വരുമല്ലോ? അതുമാത്രമെ എനിക്കും ഉള്ളൂ. ലോട്ടറി അടിച്ചത് പുതുമയാണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ സാധാരക്കാരായിരുന്നു. കാശ് വന്നെന്ന് കരുതി പൊങ്ങച്ചം കാണിക്കാൻ പറ്റില്ലല്ലോ. പിന്നെ എന്റെ കടങ്ങളൊക്കെ തീർത്തു. കുറച്ച് പാവങ്ങളെ സഹായിച്ചു. മക്കൾക്ക് വേണ്ടി സ്ഥലം വാങ്ങി വീട് വച്ചു. ബാക്കി തുക ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന്റെ പലിശ മ്യൂച്വൽ ഫണ്ടിലേക്കും മാറ്റിയിട്ടുണ്ട്. ഓട്ടോ ഫൈനാൻസ് മാത്രം തീർത്തിട്ടില്ല", എന്നും  ജയപാലൻ.  

'ഞാനും രണ്ട് ടിക്കറ്റെടുത്തു, പക്ഷേ കിട്ടിയത് ഞാൻ വിറ്റ ടിക്കറ്റിന്': 25 കോടി വിറ്റ നന്ദു പറയുന്നു

ലോട്ടറി അടിച്ചതിന് പിന്നാലെ വധ ഭീഷണിയും ജയപാലന് നേരിടേണ്ടി വന്നു. "എനിക്ക് മൂന്ന് ഊമ കത്തുകളാണ് വന്നത്. 64 ലക്ഷം കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഒന്ന്. കത്തിലൊരു ഫോൺ നമ്പറും ഉണ്ടായിരുന്നു. തൃശ്ശൂര് ചേലക്കരയിലുള്ളതാണ് ആ നമ്പർ. ആദ്യത്തെ കത്ത് വന്നപ്പോൾ തന്നെ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. ജീവിക്കാൻ അനുവദിക്കില്ല, എന്നെയും മക്കളെയും കൊല്ലുമെന്ന് പറഞ്ഞും ഒരു കത്തുണ്ടായിരുന്നു. മരണത്തെ എനിക്ക് പേടിയൊന്നും ഇല്ല. ഓടി ഒളിക്കുകയും ഇല്ല ജനിച്ചാൽ എന്നായാലും മരിക്കണമല്ലോ ?", ചിരിച്ച് കൊണ്ട് ജയപാലൻ പറഞ്ഞു.

കോടീശ്വരൻ ആയെങ്കിലും ഭാഗ്യാന്വേഷണം ജയപാലൻ നിർത്തിയിട്ടില്ല. ഇപ്പോഴും അദ്ദേഹം പതിവ് പോലെ ടിക്കറ്റുകൾ എടുക്കുന്നുണ്ട്. 25 കോടിയുടെ ഈ വർഷത്തെ തിരുവോണം ബംപറും ജയപാലൻ എടുത്തു. ലോട്ടറി അടിച്ചെങ്കിലും ഇന്നും സാമ്പത്തിക ഭദ്രത ലഭിക്കാത്തവരോടും ജയപാലന് ചിലത് പറയാനുണ്ട്. "മിനിമം രണ്ട് വർഷത്തേക്ക് എങ്കിലും ഈ സമ്മാനത്തിൽ നിന്നും ആർക്കും പത്ത് പൈസ കൊടുക്കരുത്. ആ ഫണ്ടിലെ വരവ് ചെലവ് കണക്കുകൾ അറിഞ്ഞതിന് ശേഷം മാത്രമേ പൈസ ഇറക്കാൻ പാടുള്ളൂ. പത്ത് പൈസ കയ്യിലെടുക്കാനുള്ള എന്തെങ്കിലും ഒരു മുതൽ സ്വരൂക്കൂട്ടുകയും വേണം. എനിക്ക് ആദായ നികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ ഒരു കോടി 45 ലക്ഷം വീണ്ടും നികുതി അടയ്‌ക്കേണ്ടി വന്നു. പണം വേറെ വഴി ചെലവഴിച്ചിരുന്നെങ്കിൽ സ്ഥലം വിറ്റ് നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു", എന്ന് ജയപാലൻ പറഞ്ഞു നിർത്തി.

click me!