
ചണ്ഡീഗഡ്: സുഹൃത്തിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ട് വാങ്ങിയ ലോട്ടറിക്ക് 11 കോടി രൂപ ഒന്നാം സമ്മാനം അടിച്ചു. പഞ്ചാബ് സംസ്ഥാന സർക്കാരിൻ്റെ ദീപാവലി ലോട്ടറി 2025 ജേതാവിൻ്റെ ജീവിതമാണ് ഒറ്റയടിക്ക് മാറിമറിഞ്ഞത്. പച്ചക്കറി കച്ചവടക്കാരനായ രാജസ്ഥാൻ സ്വദേശി അമിത് സെഹ്‌റയ്ക്കാണ് ലോട്ടറി അടിച്ചത്. സുഹൃത്തിൽ നിന്നും കടം വാങ്ങിയ 500 രൂപ ഉപയോഗിച്ചാണ് പഞ്ചാബിലെ ബത്തിണ്ടയിൽ വച്ച് ഇദ്ദേഹം ദീപാവലി ബംപർ ലോട്ടറി ടിക്കറ്റ് എടുത്തത്.
ലോട്ടറി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഛണ്ഡീഗഡിലേക്ക് പോകാനുള്ള സാമ്പത്തിക ശേഷി പോലും തനിക്കില്ലെന്നാണ് ഇദ്ദേഹം വാർത്ത അറിഞ്ഞയുടൻ പ്രതികരിച്ചത്. ജയ്‌പൂറിലെ കോട്‌പുട്‌ലി സ്വദേശിയാണ് ഇദ്ദേഹം. ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കലാണ് ജോലി.
ലോട്ടറി പണം ഉപയോഗിച്ച് മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകണമെന്നാണ് ആഗ്രഹമെന്ന് ഇദ്ദേഹം പറഞ്ഞു. ലോട്ടറി പണം നൽകാൻ പണം കടം തന്ന സുഹൃത്തിന് ഒരു കോടി രൂപ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് ദിവസം മുൻപാണ് പഞ്ചാബ് സ്റ്റേറ്റ് ലോട്ടറി ദീപാവലി ലോട്ടറി ഫലം 2025 പുറത്തുവന്നത്.