ഏക ഉപജീവനമാർ​ഗം; ബാക്കി വന്നത് 30 ലോട്ടറി ടിക്കറ്റ്, നിരാശ, കച്ചവടക്കാരനെ കൈവിടതെ ഭാ​ഗ്യദേവത !

By Web TeamFirst Published Feb 4, 2024, 8:27 PM IST
Highlights

ആകെയുള്ള ഉപജീവനമാർ​ഗമാണ് ലോട്ടറി കച്ചവടം. അന്നന്നുള്ള ജീവതം ഫ്രാൻസിസ് തള്ളിനീക്കുന്നത് ഇതിലൂടെയാണ്.

തൃശൂർ : മധ്യവയസ്കനായ ലോട്ടറി കച്ചവടക്കാരനെ കൈവിടാതെ ഭാ​ഗ്യദേവത. സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പാടിയോട്ടുമുറി കുളങ്ങര ഫ്രാൻസിസിന് ലഭിച്ചു. വൈരം ലോട്ടറി ഏജൻസിയിൽ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. 

കഴിഞ്ഞ ഇരുപത് വർഷമായി ലോട്ടറി കച്ചവടം നടത്തുന്ന ആളാണ് അറുപത്തി എട്ടുകാരനായ ഫ്രാൻസിസ്. വിൽപ്പനയ്ക്കായി 75 ഫിഫ്റ്റി- ഫിഫ്റ്റി ടിക്കറ്റുകളാണ് ഇദ്ദേഹം ഏജൻസിയിൽ നിന്നും വാങ്ങിയത്. എന്നാൽ വിൽക്കാനാകാതെ ബാക്കി വന്നത് 30 ടിക്കറ്റുകളാണ്. ആകെയുള്ള ഉപജീവനമാർ​ഗമാണ് ലോട്ടറി കച്ചവടം. അന്നന്നുള്ള ജീവതം ഫ്രാൻസിസ് തള്ളിനീക്കുന്നത് ഇതിലൂടെയാണ്. അതുകൊണ്ട് തന്നെ 30 ടിക്കറ്റുകൾ ബാക്കിവന്ന നിരാശയിലും വിഷമത്തിലും ആയിരുന്നു ഫ്രാൻസിസ്. 

എന്നാൽ റിസൾട്ട് വന്നപ്പോൾ ആ നിരാശ സന്തോഷമായി മാറുകയായിരുന്നു. 30 ടിക്കറ്റുകളിൽ ഒന്നിന്റെ നമ്പറായ  എഫ് എൻ 619922 ലൂടെ ഫ്രാൻസിസിന് സ്വന്തമായത് 1കോടി രൂപയാണ്. അസുഖം മൂലം കഠിനമായ ജോലികൾ ചെയ്യുവാൻ സാധിക്കാത്ത ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി ലോട്ടറി വില്പന രംഗത്ത് തുടരുകയാണ്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം. പൊതുമരാമത്ത് പുറമ്പോക്കിലുള്ള ഒരു ചെറിയ വീട്ടിലാണ് താമസം.

Kerala Lottery : 70 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റാണ് ഫിഫ്റ്റി-ഫിഫ്റ്റി. 50 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. 8000 രൂപയാണ് സമാശ്വാസ സമ്മാനം. ലോട്ടറികളുടെ സമ്മാനം 5000ൽ താഴെയാണെങ്കിൽ ഏതെങ്കിലും ലോട്ടറി ഷോപ്പിൽ നിന്നും ഭാ​ഗ്യശാലികൾക്ക് മാറിയെടുക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!