വിവാഹ സദ്യ കഴിച്ച് മടങ്ങിയവർക്ക് കോടിപതിയാകാൻ അവസരം! വൈറലായി ഒരു വിവാഹം

Published : Apr 30, 2026, 12:59 PM IST
karunya

Synopsis

തിരുവനന്തപുരത്തെ പ്രമുഖ ബിൽഡറായ എം.എസ് രാജീവ്, മകളുടെ വിവാഹ സത്കാരത്തിൽ പങ്കെടുത്ത അതിഥികൾക്ക് മടക്കസമ്മാനമായി നൽകിയത് ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റുകളാണ്.  

തിരുവനന്തപുരം: വിവാഹം കൂടി സദ്യയും കഴിഞ്ഞ് മടങ്ങുമ്പോൾ സമ്മാനമായി ഒരു കോടി രൂപ കൂടി ലഭിച്ചാൽ എങ്ങനുണ്ടാവും.? ഇത്തരത്തിൽ വിവാഹത്തിനെത്തിയ അതിഥികൾക്ക് കോടിപതിയാകാനുള്ള അവസരം ഒരുക്കിയത് നഗരത്തിലെ പ്രമുഖ ബിൽഡറായ എം.എസ് രാജീവ് ആണ്. ഇന്നലെ നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹസത്കാരത്തിൽ പങ്കെടുത്ത അതിഥികൾക്കായിരുന്നു അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. ഹെതർ ഹോംസ് ഉടമയായ എസ്.എം. രാജീവിൻ്റെയും സചിത്രയുടെയും മകൾ സമൃദ്ധിനിയുടെ വിവാഹത്തിലായിരുന്നു സമ്മാനം.

സദ്യക്കൊടുവിൽ സമ്മാനിച്ച ചെറിയ വെള്ളക്കവറിൽ ഇന്ന് നറുക്കെടുക്കുന്ന ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ട് ടിക്കറ്റുകളായിരുന്നു നൽകിയത്. വിവാഹച്ചടങ്ങിൽ നൽകാൻ ആറായിരത്തോളം ലോട്ടറി ടിക്കറ്റുകളാണ് രാജീവ് വാങ്ങിയത്. പാവപ്പെട്ടവരുടെ ചികിത്സാ സഹായത്തിനായി തുടങ്ങിയ കാരുണ്യ ലോട്ടറിയുടെ ഉദ്ദേശ്യവും സമ്മാനമായി ഇതുനൽകുന്നതിന് പ്രേരകമായെന്ന് രാജീവ് പറയുന്നു. മുൻപ്, തന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തവർക്ക് ലോട്ടറി ടിക്കറ്റ് സമ്മാനിച്ചിരുന്നെന്ന് രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. അന്ന് 50,000 രൂപ പലർക്കായി സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി എടുക്കുന്നവരിലൂടെ ലഭിക്കുന്ന തുക കൊണ്ട് ആശ്വാസം ആവശ്യമുള്ള രോഗികൾക്ക് കൈത്താങ്ങാകുകയെന്നതാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ പിന്നിലെ പ്രധാന ഉദ്ദേശ്യം.  വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.

PREV
Read more Articles on
click me!

Recommended Stories

ഇത്തവണത്തെ സമ്മർ ബംപർ ഒന്നാം സമ്മാനം 10 കോടി രൂപ പരപ്പനങ്ങാടി സ്വദേശിക്ക്!
15 വർഷത്തെ കാത്തിരിപ്പ്; പ്രവാസി മലയാളി ഡ്രൈവർക്ക് 10 കോടിയുടെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് സമ്മാനം!